
തിരുവനന്തപുരം: പോളിംഗ് ആറുശതമാനത്തോളം കുറഞ്ഞത് ഇടത്,വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരുമുന്നണിയിലെയും അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്ന് പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം. ദേശീയതലത്തിൽ കോൺഗ്രസും സി.പി.എമ്മും കൈകോർത്തത് അംഗീകരിക്കാൻ അവരുടെ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. എൻ.ഡി.എ.പ്രവർത്തകർക്ക് ആളുകളെ പോളിംഗ് ബൂത്തിലെത്തിക്കാൻ സാധിച്ചുവെന്നും അവിശുദ്ധ രാഷ്ട്രീയത്തിന്റെ തിരിച്ചടിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങൾ
ഒരുപടി മുന്നിൽ: ഷാ
പോർബന്തർ: കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ വിജയത്തിനായി ഗുജറാത്തിലെ ജനങ്ങൾ ഒരുപടി മുന്നിൽ ചിന്തിച്ചു. സൂററ്റിലെ ബി.ജെ.പി സ്ഥാനാർത്ഥി മുകേഷ് ദലാലിന്റെ എതിരില്ലാതെയുള്ള ജയം അതിനുതെളിവാണ്. രാജ്കോട്ടിലെ ജംകൻഡോർണയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും ജനം തുടച്ചുനീക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. 2014ലും 2019ലുെ ഗുജറാത്തിലെ 26 സീറ്റുകളിലും ബി.ജെ.പി ജയിച്ചിരുന്നു. ഇക്കുറി ഹാട്രിക് വിജയത്തിലൂടെ ജനങ്ങൾ ബി.ജെ.പി സ്ഥാനാർത്ഥികളെ ലോക്സഭയിലെത്തിക്കും. തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ബി.ജെ.പി ഉജ്ജ്വല വിജയം നേടുമെന്നും അമിത് ഷാ പറഞ്ഞു.
ഡോ.പോൾ മണലിൽ നാഷണൽ ഫിലിം അക്കാഡമി ചെയർമാൻ
തിരുവനന്തപുരം: നാഷണൽ ഫിലിം അക്കാഡമിയുടെ ചെയർമാനായി മാദ്ധ്യമ പ്രവർത്തകനും ഗ്രന്ഥകാരനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ.പോൾ മണലിൽ തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ.സന്തോഷ് ജി.തോമസാണ് ഡയറക്ടർ. ഗവേർണിംഗ് ബോർഡിലേക്ക് സോമൻ ചെലവൂർ,കോട്ടയം പ്രദീപ്കുമാർ,പ്രിറ്റി എഡ്വേഡ് എന്നിവരെ തിരഞ്ഞെടുത്തു. പ്രൊഫ.അലിയാർ,കെ.എൽ.ശ്രീകൃഷ്ണദാസ്, എം.എഫ്.തോമസ്, ടി.പി.ശാസ്തമംഗലം,കനകരാഘവൻ,ഡോ.രാജാ വാര്യർ,ഡി.എസ്.രാജ് മോഹൻ എന്നിവരാണ് അക്കാഡമിക് കൗൺസിൽ അംഗങ്ങൾ. അക്കാഡമി മുൻ ചെയർമാൻ കാർട്ടൂണിസ്റ്റ് അബു എബ്രഹാം, ഗാനരചയ്താവ് പി.ഭാസ്കരൻ എന്നിവരുടെ ജന്മശതാബ്ദിയും പ്രതിമാസ പരിപാടി 'സ്മൃതിവേദിയും' നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.