
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് സി.പി.എം സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനും ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറും നടത്തിയ കൂടിക്കാഴ്ച്ചയെ ചുറ്റിപ്പറ്റിയുള്ള ആരോപണവും യോഗത്തിൽ ചർച്ചയായേക്കും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുതിർന്ന നേതാക്കളെ രംഗത്തിറക്കിയത് ഏതു തരത്തിലാണ് പ്രതിഫലിച്ചതെന്നും എവിടെയെങ്കിലും പാളിച്ചയുണ്ടായോയെന്നും യോഗം വിലയിരുത്തും. ഇ.പി. ജയരാജൻ - ജാവദേക്കർ കൂടിക്കാഴ്ച്ചയിൽ പാർട്ടി നേതൃത്വം അസ്വസ്ഥരാണ്. നിർണായകമായ തിരഞ്ഞെടുപ്പ് വേളയിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ചിലർ ഇ.പി.ജയരാജനെതിരെ നടപടി വേണമെന്ന നിലപാടിലാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായം പാർട്ടി കേന്ദ്രനേതൃത്വം പരിഗണിക്കും. വിശദമായ അന്വേഷണത്തിന് ശേഷമാവും ഇ.പിക്കെതിരെ നടപടി വേണമോയെന്ന് തീരുമാനിക്കുകയെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.