
ഉദിയൻകുളങ്ങര: അപകടങ്ങൾ തുടർക്കഥയായിട്ടും ധനുവച്ചപുരം റെയിൽവേ സ്റ്റേഷനോട് അധികൃതർ അവഗണനകാട്ടുന്നതായി പരാതി. ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും അപകടങ്ങൾ ഇവിടെ പതിവാണ്. മിക്ക സ്റ്റേഷനുകളിലും യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതും നോക്കാൻ ഒരു ഗാർഡെങ്കിലും ഉണ്ടാകും. എന്നാലിവിടെയതില്ല. ഇതുകാരണം നിരവധിയാത്രക്കാരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞദിവസം ട്രെയിൻ കയറുന്നതിനിടെ ട്രാക്കിനിടയിൽപ്പെട്ട് പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബയെന്ന 58കാരി മരിച്ചിരുന്നു. കഴിഞ്ഞ ജൂണിലും സമാനമായ രീതിയിൽ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ നെടിയാംകോട് ശ്രീരാഗം വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ വനജകുമാരി ട്രാക്കിനിടയിൽപ്പെട്ട് മരിച്ചിരുന്നു. സമാനമായ രീതിയിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതിലും പരാതിയുണ്ട്.
ഏറെ ഉപകാരം
തിരുവനന്തപുരം സെൻട്രൽ കഴിഞ്ഞാൽ ദേശീയപാതയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ധനുവച്ചപുരത്തേത്. പരശുവയ്ക്കാൽ, കൊറ്റാമം ഉദിയൻകുളങ്ങര, ചെങ്കൽ തുടങ്ങിയ സ്ഥലങ്ങളും മലയോര മേഖലകളിലെയും തീരദേശങ്ങളിലേയും യാത്രക്കാർക്ക് എളുപ്പത്തിൽ തിരുവനന്തപുരത്തേക്കും അവിടെനിന്ന് തിരികെ ധനുവച്ചപുരത്തും എത്തുന്നതിനുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ കൂടിയാണ് ധനുവച്ചപുരം.
സ്റ്റോപ്പുമില്ല
ദിനംപ്രതി അങ്ങോട്ടുമിങ്ങോട്ടും 32 ഓളം ട്രെയിനുകളാണ് ഇതുവഴി കടന്നു പോകുന്നത്. യാത്രക്കാർക്ക് പ്രയോജനകരമാകാവുന്ന പുലർച്ചെ 5.15നുള്ള നാഗർകോവിൽ -മംഗലാപുരം എക്സ്‌പ്രസ്, രാവിലെ 6ന്കടന്നുപോകുന്ന മധുരയിൽനിന്നും കൊല്ലം വഴി പുനലൂർ ട്രെയിൻ, നാഗർകോവിൽ -കോട്ടയം എക്സ്‌പ്രസ് തുടങ്ങിയ നിരവധി ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിലാക്കുന്നു.
ഉച്ചയ്ക്ക് 1.30നുള്ള കന്യാകുമാരി ബാംഗ്ലൂർ ട്രെയിൻ, നാഗർകോവിൽ ആലപ്പുഴ വഴി പോകുന്ന ചെന്നൈ ഗുരുവായൂർ എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിൽ യാത്ര ചെയ്യേണ്ടവർക്ക് ഇവിടെ നിന്നും കിലോമീറ്റർ സഞ്ചരിച്ച് നെയ്യാറ്റിൻകരയിലോ തിരുവനന്തപുരം സെൻട്രലിലോ എത്തണം.
വികസനം കാണാതെ
തിരുവനന്തപുരം -നാഗർകോവിൽ റെയിൽവേ പാത 1978ൽ നിലവിൽ വന്നപ്പോൾ ആസ്പറ്റോസ് ഷീറ്റ് കൊണ്ടുനിർമ്മിച്ച ടിക്കറ്റ് കൗണ്ടർ തന്നെയാണ് ഇപ്പോഴുമുള്ളത്. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യപ്രകാരം എം.പി ഫണ്ട് ഉപയോഗിച്ച് ഇവിടെ ലക്ഷങ്ങൾ ചെലവിട്ട് പുതിയ ടിക്കറ്റ് കൗണ്ടർ നിർമ്മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും12 വർഷം കഴിഞ്ഞിട്ടും കൗണ്ടർ പൂട്ടിത്തന്നെ. നിരവധി കുട്ടികളും സ്ത്രീകളും യാത്രയ്ക്ക് ആശ്രയിക്കുന്ന ഈ റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ പോലും ഇവിടെ സൗകര്യമില്ല.