32
മരണമടഞ്ഞകുമാരി ഷീബ

ഉദിയൻകുളങ്ങര: ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് തെന്നിവീണ്‌ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. പരശുവയ്ക്കൽ രോഹിണി ഭവനിൽ രാജേന്ദ്രൻ നായരുടെ ഭാര്യ കുമാരി ഷീബ വി.എസാണ് (57) മരിച്ചത്. ഇന്നലെ രാവിലെ 8.30ന് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം.നാഗർകോവിലിൽ നിന്നു കൊല്ലത്തേക്ക് പോവുകയായിരുന്ന ട്രെയിൻ ധനുവച്ചപുരത്ത് നിറുത്തിയശേഷം പുറപ്പെടാൻ തുടങ്ങുമ്പോഴാണ് തിരുവനന്തപുരത്തേക്ക് പോകാനായി യാത്രക്കാരി ചാടിക്കയറാൻ ശ്രമിച്ചത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരൻ കൈകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ അകപ്പെട്ട വീട്ടമ്മ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ട്രെയിൻ വരുന്നതിന് അരമണിക്കൂർ മുമ്പുതന്നെ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുകയായിരുന്നു ഇവർ. അതിനിടെ സമീപത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്താൻ പോകുന്നതിനിടയിൽ ട്രെയിൻ വരുന്നതുകണ്ട് ഓടിയെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മക്കൾ: ലക്ഷ്മി, കൃഷ്ണ,​ മരുമകൻ :അരുൺ.