തിരുവനന്തപുരം: 2023-ലെ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ബിൽ ഗവർണർ ഒപ്പിട്ടതോടെ ഭൂമി തരംമാറ്റം വേഗത്തിലാക്കാൻ റവന്യൂവകുപ്പ് പുതിയ പദ്ധതി തയ്യാറാക്കും. രണ്ടു ദിവസത്തിനുള്ളിൽ വിശദാംശങ്ങൾ പുറത്തിറക്കും. തീർപ്പാക്കാനുള്ള ഓൺലൈൻ അപേക്ഷകളുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരും.
27 ആർ.ഡി.ഒമാർക്ക് പുറമെ 78 താലൂക്കുകളിൽ നിയമിക്കുന്ന ഡെപ്യൂട്ടി കളക്ടമാർക്കും അപേക്ഷ തീർപ്പാക്കാൻ അധികാരം നൽകുന്നതാണ് ഗവർണർ ഒപ്പിട്ട ബിൽ. ഡെപ്യൂട്ടി കളക്ടർമാരുടെ വിന്യാസം അടക്കമുള്ള നടപടികൾ വേഗത്തിലാക്കും.
റവന്യുവകുപ്പ് ജീവനക്കാർ തിരഞ്ഞെടുപ്പ് ചുമതലകളിലേക്ക് മാറിയത് അപേക്ഷകൾ കുന്നുകൂടാൻ കാരണമായി. 25 സെന്റിൽ താഴെയുള്ളതും ഫീസ് ഒടുക്കേണ്ടാത്തതുമായ ഒന്നേകാൽ ലക്ഷത്തോളം അപേക്ഷകളിൽ മുക്കാൽ പങ്കും പ്രത്യേക അദാലത്തുകളിലൂടെ തീർപ്പാക്കാനായി. തീർപ്പാക്കലിന് ആക്കംകൂട്ടാൻ 197 എൽ.ഡി ടൈപ്പിസ്റ്റുമാരെയും 201 യു.ഡി ടൈപ്പിസ്റ്റുമാരെയും ജോലിഭാരം കൂടുതലുള്ള വില്ലേജ് ഓഫീസുകളിലേക്ക് പുനർവിന്യസിച്ചിരുന്നു. 921ഓഫീസ് അറ്റൻഡന്റുമാരുടെ പുനർവിന്യാസം പൂർത്തിയായിട്ടില്ല.