ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 3ന് ആരംഭിക്കും

ആസിഫ് അലി നായകനായി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വര രാജൻ നായിക. ഇതാദ്യമായാണ് ആസിഫ് അലിയും അനശ്വര രാജനും നായകനും നായികയുമായി എത്തുന്നത്. മേയ് 3ന് എറണാകുളത്ത് ചിത്രീകരണം ആംരഭിക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും ചേർന്നാണ് നിർമ്മാണം. നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാലയ്ക്കുശേഷം വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും വീണ്ടും ഒരുമിക്കുന്നു. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് എന്ന ചിത്രത്തിനുശേഷം ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. എൺപതുകളുടെ പശ്ചാത്തലമാണ് ചിത്രത്തിന്റെ ഭൂമിക. അതിഥി വേഷത്തിൽ മമ്മൂട്ടിയെ എത്തിക്കാൻ ആലോച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. അതേസമയം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച വർഷങ്ങൾക്കുശേഷത്തിൽ ആസിഫ് അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
ബിജു മേനോനൊപ്പം പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. മിയ, അനുശ്രീ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മേയ് 24ന് തലവൻ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.