തിരുവനന്തപുരം/ പാലക്കാട്: സംസ്ഥാനത്ത്

കൊടുംചൂട് മേയ് പകുതി വരെ തുടരാൻ സാദ്ധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച പാലക്കാട്ട് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ശനിയാഴ്ച ഇവിടെ രേഖപ്പെടുത്തിയത് 41.8 ഡിഗ്രിയാണ്. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള കൊല്ലം ജില്ലയിലെ പുനലൂരും തൃശൂരും 41 ഡിഗ്രിവരെ എത്തിയേക്കാം.

ഇടയ്ക്ക് വൈകുന്നേരം പെയ്യുന്ന വേനൽ മഴ അല്പം ആശ്വാസം നൽകുന്നുണ്ടെങ്കിലും താപനില കുറയ്ക്കാൻ പര്യാപ്തമല്ല.അടുത്ത രണ്ടു ദിവസം മദ്ധ്യ, തെക്കൻ ജില്ലകളിൽ നേരിയ മഴ ലഭിക്കും.

സംസ്ഥാനത്ത് വേനൽമഴയിൽ 62 ശതമാനം കുറവുണ്ടായി. മാർച്ച് മുതൽ ഏപ്രിൽ 28വരെയുള്ള കണക്കാണിത്. 178.1 മി.മീ മഴ ലഭിക്കേണ്ടിടത്ത് 150.3 മി.മീറ്ററാണ് കിട്ടിയത്. കോട്ടയത്തുമാത്രമാണ് ശരാശരി മഴ ലഭിച്ചത്. ഏറ്റവും കുറവ് മലപ്പുറത്താണ്. 98 ശതമാനം കുറവുണ്ടായി. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ 90 ശതമാനം മഴ ലഭിച്ചില്ല. പാലക്കാട് ലഭിക്കേണ്ടിയിരുന്നത് 98.4 എം.എം മഴയാണെങ്കിൽ പെയ്തത് 16.1 മാത്രം.

പാലക്കാട്,​തൃശൂർ,​കൊല്ലം

പ്രത്യേക ജാഗ്രത

പാലക്കാട്,​തൃശൂർ,​കൊല്ലം ജില്ലകളിൽ സൂര്യാഘാത മുന്നറിയിപ്പുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘതം മരണത്തിന് കാരണമായേക്കാം.കഴിഞ്ഞ ദിവസം പാലക്കാട് 90 വയസുള്ള വയോധിക സൂര്യഘാതമേറ്റ് മരിച്ചിരുന്നു.

വേനൽമഴയിൽ അന്തരീക്ഷ ഈർപ്പം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ചൂട് മൂലമുള്ള ശാരീരിക അസ്വസ്ഥത അനുഭവപ്പെടും.

ഇന്നലെ

41.6 ഡിഗ്രി:

പാലക്കാ‌ട്

38.6:

കൊല്ലം

39.4:

തൃശൂർ

12 ജില്ലകളിൽ താപനില ഉയരും

(മേയ് രണ്ടുവരെ പ്രതീക്ഷിക്കുന്നത്)

പാലക്കാട്...................................41

കൊല്ലം, തൃശൂർ........................ 40

പത്തനംതിട്ട, കോട്ടയം,

കോഴിക്കോട്, കണ്ണൂർ............. 38

ആലപ്പുഴ,എറണാകുളം,

മലപ്പുറം, കാസർകോട്........... 37

തിരുവനന്തപുരം.......................36

ഇടുക്കി,വയനാട്.............പതിവ്ചൂട്

അങ്കണവാടി ഒരാഴ്ചയില്ല

അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നാണിത്. മറ്റ് പ്രവർത്തനങ്ങൾ തുടരും. കുട്ടികൾക്കുള്ള സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കും.