
വിഴിഞ്ഞം: പമ്പിൽനിന്നും പെട്രോൾ അടിച്ചയുടനെ ബൈക്കിന് തീപിടിച്ചു. പമ്പിലെത്തിയ മറ്റൊരു യുവാവിന്റെ സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി. വെങ്ങാനൂർ ചാവടിനടയിലെ പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ചാവടിനട സ്വദേശിയുടെ ബൈക്കിലാണ് തീ പടർന്നത്. പമ്പിലെത്തി പെട്രോൾ അടിച്ച ശേഷം പോകാനൊരുങ്ങവെയാണ് സംഭവം. പമ്പിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ ബൈക്ക് റോഡിലേക്ക് തള്ളി മാറ്റി. ഇതേ സമയം പമ്പിൽ പെട്രോൾ അടിക്കാനെത്തിയ കാറിലുണ്ടായിരുന്ന യുവാവ് പമ്പിലുണ്ടായിരുന്ന അഗ്നിശമന ഉപകരണവുമായി ഓടിയെത്തി തീകെടുത്തി. വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും അതിനു മുൻപേ തീ അണച്ചിരുന്നു. ആളപായമില്ല.