തിരുവനന്തപുരം: പത്തനാപുരം പുന്നല കടശ്ശേരി വനത്തിൽ കാട്ടാന ചരിഞ്ഞത് കുടിവെള്ളം കിട്ടാതെ. പോസ്റ്റ്മോർട്ടത്തിലാണ് പത്ത് ദിവസമായി ആന വെള്ളം കുടിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്.

കടശ്ശേരി ഫോറസ്റ്ര് സ്റ്റേഷനിലെ പാടം ഇരുട്ടുതറയിലാണ് അരുവി ഒഴുകുന്ന മലയുടെ ചരുവിലായി ആനയുടെ മൃതദേഹം കണ്ടത്. ഏകദേശം 30 വയസ് കണക്കാക്കുന്ന കൊമ്പന്റെ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

കൊടുംചൂടിൽ വെള്ളംകിട്ടാതെ അലഞ്ഞതിന്റെ ലക്ഷണങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. കുടിവെള്ളംതേടി കിലോമീറ്ററുകൾ സഞ്ചരിച്ചിട്ടുണ്ട്.

അതിന്റെ ക്ഷീണം മൂലമാണ് അരുവിയിലെത്തുന്നതിനു മുമ്പേ മലഞ്ചരിവിൽ വീണുപോയത്. അനാരോഗ്യവും വീഴ്ചയുടെ ആഘാതവും മൂലം ആനയ്ക്ക് എഴുന്നേൽക്കാനായില്ലെന്നും ഡി.എഫ്.ഒ ജയശങ്കർ പറഞ്ഞു. സിബി, ശോഭ രാധാകൃഷ്ണൻ, മണി മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.