
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹത്തിന്റെ കൊത്തു പണികൾ പൂർത്തിയായി. രാജസ്ഥാനിലെ ജയ്പൂരിൽ രണ്ട് വർഷം കൊണ്ടാണ് ആദിപരാശക്തിയുടേയും രാജമാതംഗിയുടേയും ദുർഗ്ഗാദേവിയുടേയും വിഗ്രഹങ്ങൾ കൊത്തിയെടുത്തത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹത്തിന് 23 അടി ഉയരമുണ്ട്. കൊത്തുപണികൾ പൂർത്തിയായ വിഗ്രഹങ്ങളുടെ യാത്രാനുമതി പൂജകൾ ജയ്പൂർ രാംസിംഗിന്റെ കൊട്ടാരത്തിലെ കാളിമാതാ ക്ഷേത്രത്തിൽ ഇന്നലെ ആരംഭിച്ചു.
മൂന്ന് ട്രയിലറുകളിലായി രാജസ്ഥാനിൽ നിന്ന് ഇന്ന് തിരിക്കുന്ന വിഗ്രഹങ്ങൾ പതിനഞ്ച് ദിവസം കൊണ്ടു പൗർണമിക്കാവിൽ എത്തുമെന്നാണ് പ്രതീക്ഷ. രാജസ്ഥാനിലെ ഒരു മാർബിൾ മല വിലയ്ക്ക് വാങ്ങിയാണ് ഒറ്റക്കൽ വിഗ്രഹങ്ങൾ കൊത്തിയെടുത്തത്. വിഗ്രഹത്തിന്റെ നിർമ്മാണം തുടങ്ങി ക്ഷേത്രത്തിൽ എത്തുന്നതുവരെ ഏകദേശം ആറ് കോടിയോളം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.