തിരുവനന്തപുരം : കേരളത്തിൽ ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നതെന്നും, ഭൂരിപക്ഷങ്ങൾക്ക് അർഹതപ്പെട്ട നീതി നിഷേധിക്കുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം വെൺപാലവട്ടം ശാഖാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞടുപ്പിൽ ന്യൂനപക്ഷ പ്രീണനത്തിന് മുന്നണികൾ പരസ്‌പരം മത്സരിച്ചു. ഭൂരിപക്ഷത്തിന്റെ എതിർപ്പ് വോട്ടിൽ പ്രതിഫലിക്കും. ന്യൂനപക്ഷങ്ങൾ വോട്ടു ബാങ്കായതോടെ അവരുടെ തലയെണ്ണുന്നു. ജാതിയും മതവും വർണവും വർഗവും നിലനിൽക്കുന്ന കാലമാണിത്.എന്നാൽ എസ്.എൻ.ഡി.പി യോഗം ആവശ്യങ്ങളും അവശതകളും പറയുമ്പോൾ ഗുരുവന്റെ പേരു പറഞ്ഞ് വായടപ്പിക്കും. രാഷ്ട്രീയ ഭിക്ഷാംദേഹികളായി കടന്നു കൂടി രാഷ്ട്രീയ നേട്ടത്തിനുള്ള കോണിപ്പടിയായി സംഘടനയെ മാറ്റിയവരാണ് ഇതിന് മുന്നിൽ . ആർ.ശങ്കറിന്റെ കാലത്തിന് ശേഷം ഈഴവർക്ക് കാര്യമായൊന്നും നൽകാൻ സർക്കാരുകൾ തയ്യാറായിട്ടില്ല. അന്ന് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്നുമുള്ളത്. കോളേജിനും പ്ലസ്ടു ബാച്ചിനും അപേക്ഷ നൽകിയാൽ പരിഗണിക്കില്ല. വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ്. കോട്ടയം ക്രിസ്ത്യാനികളെടുത്തു മലപ്പുറം മുസ്ലീംങ്ങളും. മറ്റുള്ളവന് സ്വന്തമെന്ന് പറയാൻ എന്തുണ്ട്?. സമുദായാംഗങ്ങൾക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വസിക്കാം പക്ഷേ അർഹതപ്പെട്ടത് സമുദായത്തിന് ലഭിക്കണം.

. തിരഞ്ഞെടുപ്പു കാലത്ത് ബിഷപ്പിനെയും അച്ഛൻമാരെയും കപ്യാരെയെങ്കിലും കാണാനുള്ള ഓട്ടത്തിലാണ് നേതാക്കൾ എന്നാൽ നമ്മളെ ആര് അന്വേഷിക്കുന്നുവെന്ന് ചിന്തിക്കണം. 28 വർഷമായി യോഗത്തെ നയിക്കുന്നതിന്റെ പേരിൽ വ്യാജ കേസുകൾ നൽകി തന്നെ വേട്ടയാടുകയാണ്. എസ്.എൻ.ഡി.പി യോഗം പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കേസു കൊടുത്തവരുണ്ട്. . സത്യത്തിന്റെ പാതയിലാണ് തന്റെ യാത്ര. കോടികൾ മൈക്രോ ഫിനാൻസായി നൽകി.എന്നാൽ ആരിൽ നിന്നും കട്ടൻ ചായ പോലും വാങ്ങി കുടിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു..