ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രം സന്ദർശിച്ചു
തിരുവനന്തപുരം: ചെന്തിട്ട ക്ഷേത്രത്തിലെ തീപിടിത്തത്തിനുകാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.വിശദറിപ്പോർട്ട് പുറത്തുവന്നാലേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ.ക്ഷേത്രത്തിലെ മേൽക്കൂരയിൽ അണ്ണാൻ,എലി എന്നിവയുടെ കൂടുകളുണ്ട്. അണ്ണാനോ എലിയോ കൂട്ടിൽ കൊണ്ടുവച്ച കനലോടുകൂടിയ നെയ്‌ത്തിരികളിൽ നിന്നാവാം തീ പടർന്നതെന്നാണ് ഒരു വിലയിരുത്തൽ.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഇന്നലെ ക്ഷേത്രം സന്ദർശിച്ച് സ്ഥിതികൾ വിലയിരുത്തി.തീപിടിത്തത്തിൽ കത്തി നശിച്ച മേൽക്കൂര പുതുക്കി പണിയാനുള്ള എസ്റ്റിമേറ്റ് എടുക്കുന്നതിനായി മരാമത്ത് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേവപ്രശ്നം നടത്താനുള്ള നടപടികൾക്കായി പ്രസിഡന്റ് ദേവസ്വം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണി നടക്കാത്തതാണ് വേഗത്തിൽ തീ പിടിക്കാനുണ്ടായ കാരണമെന്ന വാദം ശരിയല്ലെന്നും ആറ് മാസം മുൻപ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇലക്ട്രിക് വർക്കുകൾ ഉൾപ്പെടെ ക്ഷേത്രത്തിലെ അറ്റകുറ്റപ്പണി നടന്നിരുന്നതായും പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ദേവസ്വം സെക്രട്ടറി ജി.ബൈജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ ടി.കെ സുബ്രഹ്മണ്യൻ,ദേവസ്വം എക്സിക്യൂട്ടീവ് എൻജിനീയർ രഞ്ജിത് കെ.ശേഖർ, ഇലക്ട്രിക്കൽ അസി.എക്സിക്യൂട്ടീവ് എൻജിനീയർമാരായ അഞ്ജന ബാലൻ,എൻ.കെ ഗോപകുമാർ എന്നിവരും പ്രസിഡന്റിനോടൊപ്പം ക്ഷേത്രം സന്ദർശിച്ചു.