cf

 കാട്ടായിക്കോണം സദാനന്ദൻ വിടവാങ്ങിയിട്ട് മേയ് രണ്ടിന് 20 വർഷം

പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന കാട്ടായിക്കോണം എം.കെ. സദാനന്ദൻ അന്തരിച്ചിട്ട് മേയ് രണ്ടിന് ഇരുപതു വർഷം തികയുന്നു.

പതിമൂന്നാം വയസിൽ പൊതുപ്രവർത്തനരംഗത്തേക്കു കടന്ന സദാനന്ദന്റെ തുടക്കം,​ 1937-ലെ ഉത്തരവാദ പ്രക്ഷോഭത്തിലൂടെയും 1938-ലെ സ്റ്റേറ്റ് കോൺഗ്രസിന്റെ നിയമലംഘന പ്രസ്ഥാനത്തിലൂടെയുമായിരുന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ സന്നദ്ധ ഭടനായി. പിന്നീട് സോഷ്യലിസ്റ്റ് ആശയത്തിൽ ആകൃഷ്ടനായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി.

കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലം. ഒളിവിലായിരുന്നു അധികവും പ്രവർത്തനം. 1943-ൽ നിരോധനം നീങ്ങിയപ്പോൾ പാർട്ടി കെട്ടിപ്പടുക്കുന്നതിനും തൊഴിലാളികകളെ സംഘടിപ്പിക്കുന്നതിനും ധീരനായകത്വം വഹിച്ച്

പൊലീസിന്റെയും,​ മുതലാളിമാരുടെ ഗുണ്ടകളുടെയും ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങി. തെക്കൻ തിരുവിതാംകൂറിലെ ആദ്യത്തെ കയർത്തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായി. 1963-ൽ കയർ തൊഴിലാളികളുടെ കൂലിവർദ്ധനവിനായി സമരം നയിച്ചതിന്റെ പേരിൽ കയർ മുതലാളിമാരുടെ ഗുണ്ടകൾ കണിയാപുരത്തു വച്ച് സദാനന്ദനെ ക്രൂരമായി മർദ്ദിക്കുകയും,​ മരിച്ചെന്നു കരുതി പച്ച ഓല വെട്ടിയിട്ട് മൂടുകയും ചെയ്തു! സ്ഥലവാസികളാണ് സദാനന്ദനെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തിയത്.

അന്ന് സദാനന്ദൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു. കെ.സി. ജോർജിന്റെ അനുയായികളായ കാട്ടായിക്കോണം വി. ശ്രീധറിന്റെയും, കെ.വി. സുരേന്ദ്രനാഥിന്റെയും ഒപ്പമായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. കർഷകർ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ചന്തയിൽ കൊണ്ടുവരുമ്പോൾ കോൺട്രാക്ടർമാർ അമിതമായ ചന്തപ്പിരിവ് നടത്തിയിരുന്ന കാലം. അതിനെതിരെ കർഷകരെ സംഘടിപ്പിച്ച്,​ ചന്ത കരത്തിനെതിരെ സമരം നടത്തി. സമരം വിജയിച്ചതോടെ സദാനന്ദൻ,​ സർ സി.പി. രാമസ്വാമിയുടെ നോട്ടപ്പുള്ളികളിൽ ഒരാളായി.

സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും ജീവിതാന്ത്യം വരെ ലളിത ജീവിതമാണ് സദാനന്ദൻ നയിച്ചത്. ആഡംബര വസതിയോ സ്വന്തം വാഹനമോ ഒന്നുമില്ലാതിരുന്ന സദാനന്ദൻ,​ സഹപ്രവർത്തകരായ കാട്ടായിക്കോണം . ശ്രീധറെപ്പോലെയും കെ.വി. സുരേന്ദ്രനാഥിനെപ്പോലെയും വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു. എന്നാൽ അമ്മയുടെ നിർബന്ധപ്രകാരം 38-ാം വയസിൽ അമ്മാവന്റെ മകളെ വിവാഹം കഴിച്ചു. പാർട്ടിയായിരുന്നു എന്നും ആവേശം. പാർട്ടി ഓഫീസിനടുത്ത് ഒരു മുറിയെടുത്ത്,​ അവിടെ താമസിച്ചായിരുന്നു പ്രവർത്തനങ്ങൾ. ഒരു സ്ഥാനവും ആഗ്രഹിച്ചില്ല. 65 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ആറു വർഷം ജയിലിൽ. രണ്ടരവർഷം ഒളിവു ജീവിതത്തിൽ.

1952-ൽ തിരു- കൊച്ചി നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നാണ് നോമിനേഷൻ കൊടുത്തെങ്കിലും പത്രിക പൂരിപ്പിച്ചതിലെ പിഴവു മൂലം അതു തള്ളപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗമായും ദീർഘകാലം പ്രവർത്തിച്ചു. 1953 മുതൽ 63 വരെ കഴക്കൂട്ടം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. 1965-ൽ കഴക്കൂട്ടം അസംബ്ളി മണ്ഡലത്തിൽ നിന്ന് സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചു. 2004- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് തിരുവനന്തപുരം മണ്ഡലത്തിൽ പി.കെ.വി.യുടേയും,​ ചിറയിൻകീഴ് മണ്ഡലത്തിൽ വർക്കല രാധാകൃഷ്ണന്റെയും തിര‌ഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന സമയത്താണ് കാട്ടായിക്കോണം സദാനന്ദൻ രോഗബാധിതനാവുകയും ആശുപത്രിയിലാവുകയും ചെയ്തത്. അഞ്ചു ദിവസം കഴിഞ്ഞ്

രോഗം മൂർഛിച്ചതിനെ തുടർന്ന്,​ 2004 മേയ് രണ്ടിന് എൺപത്തിയൊന്നാം വയസിൽ ആ വിപ്ളവജ്വാല അണയുകയും ചെയ്തു.

(ലേഖകന്റെ സഹോദരീ ഭർത്താവാണ് കാട്ടായിക്കോണം സദാനന്ദൻ. മൊബൈൽ: 98952 34699)​