
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാദ്ധ്യത നിലനിൽക്കുകയും താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുവരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും.
തൊഴിലിടങ്ങളിൽ കർശന പരിശോധനയ്ക്കായി ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നൽകി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി പരിശോധനകൾ ഊർജ്ജിതമാക്കും. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി. ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ ദിവസവും പരിശോധന നടത്തും.
ഫെബ്രുവരി മുതൽ ഏപ്രിൽ 30വരെ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ജോലിസമയം എട്ട് മണിക്കൂറാക്കിയ ഉത്തരവ് മേയ് 15 വരെ നീട്ടും. പകൽ സമയം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്നുവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്‌റ്രുകൾ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുന:ക്രമീകരണം. കൺസ്ട്രക്‌ഷൻ, റോഡ് നിർമാണ മേഖലകളിൽ കർശന പരിശോധന ഉറപ്പാക്കും. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഉത്തരവിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക്:
ഉന്നതതല യോഗം മാറ്റി
തിരുവനന്തപുരം: കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണച്ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിന് അന്തിമരൂപം നൽകാനായി ഇന്നലെ ചേരാനിരുന്ന ഉന്നതതല യോഗം ജല അതോറിട്ടിയിലെ വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. മേയ് 6ന് വീണ്ടും യോഗം ചേരും. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ ജലവിതരണം സ്വകാര്യ കമ്പനിയെ ഏല്പിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ കൊച്ചിയിലാണ് പദ്ധതി നടപ്പാക്കുക. ആകെ 2510 കോടിയാണ് ഇതിനായി ചെലവിടുക. സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള നീക്കത്തെ നേരത്തെ തന്നെ സംഘടനകൾ എതിർത്തിരുന്നു. ഇന്നലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ടെക്നിക്കൽ മെമ്പറുടെ ഓഫീസിലേക്ക് പ്രകടനം നടന്നു. അക്വ ജില്ലാ പ്രസിഡന്റ് മണി മഞ്ജുഷ, വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ ഒ.ആർ.ഷാജി, ജില്ലാ സെക്രട്ടറി എം.ആർ.മനുഷ്, അക്വ സംസ്ഥാന പ്രസിഡന്റ് തമ്പി, ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാനപ്രസിഡന്റ് എം.എം.ജോർജ്, പി.എസ്.അജയകുമാർ, റെജി തുടങ്ങിയവർ സംസാരിച്ചു.