
ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കിൽ അതു കാരണം സ്വധർമ്മവും കീർത്തിയും കൈവിട്ട് നീ പാപം സമ്പാദിക്കേണ്ടിവരും!
തന്നെയുമല്ല, നിന്നെച്ചൊല്ലി ഒടുങ്ങാത്ത ദുഷ്‌കീർത്തി പരക്കുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്‌കീർത്തി മരണത്തെക്കാൾ കഷ്ടമാണ്!- മഹാഭാരതത്തിൽ, യുദ്ധം ചെയ്യാൻ മടിച്ചു നിന്ന അർജ്ജുനന് ശ്രീകൃഷ്ണൻ നൽകുന്ന ഉപദേശമാണിത്. അച്ഛൻ പ്രവർത്തിച്ച കോൺഗ്രസ് പാർട്ടിയെ ഏതാണ്ട് ഇല്ലാതാക്കി, അച്ഛന്റെ പേരിൽ മറ്റൊരു പാർട്ടി (വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി) രൂപീകരിച്ച് അഞ്ചുവർഷം കൊണ്ട് ആന്ധ്രാ സിംഹാസനം കൈയടക്കിയ ജഗൻ മോഹൻ റെഡ്ഡി വീണ്ടും പടക്കളത്തിലെത്തുമ്പോൾ എതിരിടാൻ പടയൊരുക്കി നേരെ നിൽക്കുന്നത് സഹോദരി വൈ.എസ്. ശർമ്മിള, അളിയൻ അനിൽകുമാർ, അമ്മ വിജയമ്മ. കഴിഞ്ഞ തവണത്തെ പോരാട്ടത്തിൽ ഒപ്പം നിന്ന മൂവർസംഘം!
ഒരിക്കൽ തള്ളിപ്പറഞ്ഞ കോൺഗ്രസിന്റെ നേതൃത്വം ഏറ്രെടുത്ത് ശർമ്മിള നിൽക്കുമ്പോൾ ഒപ്പം നിൽക്കാൻ സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെയുള്ള പാർട്ടികളുമുണ്ട്. തീർന്നില്ല; മറ്റൊരു ഭാഗത്തു നിന്ന് ആക്രമിക്കാൻ പാരമ്പര്യ വൈരികളായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുടെ പടയുണ്ട്. അവരും ഒറ്റയ്ക്കല്ല, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും, പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയുമുണ്ട്. ഈ മാസം 13- നാണ് വോട്ടെടുപ്പ്. ആന്ധ്രയിൽ ആകെ ലോക്‌സഭാ സീറ്റുകൾ 25. നിയമസഭാ സീറ്റുകൾ 175. നേടിയതൊക്കെ നിലനിറുത്താൻ ജഗൻ ഒറ്റയ്ക്കാണ് പട നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനം നിലനിറുത്താനാണ് ജഗൻ 'യുദ്ധക്കള'ത്തിലിറങ്ങുന്നത്.
ജഗൻ കഴിഞ്ഞാൽ രണ്ടാമത്തെ നേതാവ് ആരെന്ന ചോദ്യത്തിന് വൈ.എസ്.ആർ കോൺഗ്രസ് നേതൃത്വത്തിന് കൃത്യമായ ഉത്തരമില്ല. രണ്ടാം നിര നേതൃത്വം ഇല്ലാത്തതു തന്നെയാണ് പോർമുഖത്ത് വൈ.എസ്.ആർ കോൺഗ്രസ് നേരിടുന്ന വലിയ വെല്ലുവിളിയും. അത്തരമൊരു നേതൃത്വത്തെ വളർത്തിക്കൊണ്ടുവരാതെ ഏകാധിപതിയായി തുടരുകയാണ് ജഗൻ. സിംഹത്തെപ്പോലെ, നമ്മൾ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടും എന്നാണ് ജഗൻ പാർട്ടി പ്രവർത്തകരോടു പറയുന്നത്. പാർട്ടി നേതൃത്വത്തിന്റെ നിർദേശ പ്രകാരം അണികൾ വീടുകൾതോറും കയറിയിറങ്ങി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ.
പോരടിക്കാൻ
സഹോദരങ്ങൾ
ഒരു പതിറ്റാണ്ട് മുമ്പുവരെ ആന്ധ്രയുടെ അധികാരം കൈയാളുകയും അഞ്ചു വർഷം മുമ്പുവരെ നിർണ്ണായക സ്വാധീനമുറപ്പിക്കുകയും ചെയ്തിരുന്ന കോൺഗ്രസ് പാർട്ടിക്ക് ആന്ധ്രയിൽ വിലാസം ഇല്ലാതാക്കിയത് ജഗൻ മോഹൻ റെഡ്ഡി ഒറ്റയ്ക്കായിരുന്നില്ല, ശർമ്മിളയും വിജയമ്മയും ഒപ്പമുണ്ടായിരുന്നു. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിക്കാനുള്ള ശ്രമമാണ് ശർമ്മിളയെ സംസ്ഥാന കോൺഗ്രസിന്റെ പ്രസിഡന്റ് ആക്കിയതിലൂടെ ദേശീയ നേൃത്വത്വം ലക്ഷ്യമിടുന്നത്. ഒന്നായ ആന്ധ്രയെ രണ്ടാക്കിയപ്പോഴാണ് രണ്ടിടത്തും കോൺഗ്രസിന് തിരിച്ചടിയുണ്ടായത്. ആന്ധ്രയിലായിരുന്നു കനത്ത പ്രഹരം. കഴിഞ്ഞ അഞ്ചു വർഷമായി ഒരു എം.എൽ.എയോ എം.പിയോ ഇല്ല!
തെലുങ്കു ദേശം പാർട്ടിയിൽ നിന്ന് കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡിയെ പി.സി.സി പ്രസിഡന്റാക്കി നടത്തിയ പരീക്ഷണം തെലങ്കാനയുടെ ഭരണം പിടിക്കുന്നതിൽ കലാശിച്ചതോടെ ആ ഗെയിം പ്ലാൻ മറ്റൊരു രീതിയിൽ പയറ്റുകയാണ് ആന്ധ്രയിൽ. വൈ.എസ്.ആറിന്റെ പേരിൽ പുതിയൊരു പാർട്ടി രൂപീകരിച്ച് തെലങ്കാന പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് വൈ.എസ്. ശർമ്മിള. ആ ഉദ്യമത്തിന്റെ പാതിവഴിയിൽ ശർമ്മിളയെ കോൺഗ്രസ് പാളയത്തിലെത്തിച്ചത് ഡി.കെ. ശിവകുമാറായിരുന്നു. ഭരണവിരുദ്ധ വികാരം പരമാവധി വോട്ടാക്കുക, കോൺഗ്രസ് വിട്ട് ജഗൻ മോഹനൊപ്പം പോയവരെ തിരിച്ചെത്തിക്കുക- ഇതാണ് അജൻഡ.
1989 മുതൽ 98 വരെ വൈ.എസ്. രാജശേഖര റെഡ്ഡിയും 99 മുതൽ 2004 വരെ മകൻ ജഗൻ മോഹൻ റെഡ്ഡിയും എം.പിയായിരുന്ന കടപ്പ ലോക്‌സഭാ സീറ്റിലാണ് ശർമ്മിളയുടെ കന്നിയങ്കം. കഴിഞ്ഞ തവണ ഈ സീറ്റിൽ വൈ.എസ്.ആർ കോൺഗ്രസിലെ അവിനാശ് റെഡ്ഡി 63.79 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്. ഇതേ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പുലിവെന്തലയിൽ നിന്നാണ് ഇത്തവണയും ജഗൻ മത്സരിക്കുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡി ആറു തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. പിന്നീടു നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ വൈ.എസ്. ആറിന്റെ ഭാര്യ വിജയമ്മയാണ് വിജയിച്ചത്.
നായിഡുവിന്റെ
മുസ്ളിം അജൻഡ
അതേ സമയം, അധികാരം തിരിച്ചു പിടിക്കാനുളള ആയുധങ്ങളെല്ലാം അണിയറയിലൊരുക്കിയാണ് എൻ.ഡി.എ പോർക്കളത്തിലിറങ്ങുന്നത്. ബി.ജെ.പിയുമായി സഖ്യത്തിലായ ശേഷം എട്ട് ലോക്‌സഭാ സീറ്റുകൾ അവർക്കായി ടി.ഡി.പി വിട്ടുകൊടുത്തിരുന്നു. പവൻ കല്യാണിന്റെ ജനസേനാ പാർട്ടിക്ക് രണ്ടു സീറ്റുകളും നൽകി. ബി.ജെ.പിയെ ടി.ഡി.പിയുമായി വീണ്ടും സഖ്യത്തിലാക്കാൻ മദ്ധ്യസ്ഥനായി നിന്നത് പവൻകല്യാൺ ആയിരുന്നു. മാർച്ച് ഒമ്പതിനാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബി.ജെ.പിയുമായി ഉണ്ടാക്കിയ സഖ്യം കാരണം ഉണ്ടായേക്കാവുന്ന മുസ്ലിം വോട്ടുചോർച്ച തടയാനുള്ള കരുനീക്കങ്ങളും ചന്ദ്രബാബു നായിഡു നടത്തുന്നുണ്ട്.
ആന്ധ്രയിൽ എൻ.ഡി.എ സഖ്യം അധികാരത്തിൽ വന്നാൽ മുസ്ലിങ്ങൾക്ക് ഹജ്ജ് കർമ്മത്തിനായി ഒരു ലക്ഷം രൂപ സഹായം നൽകുമെന്ന് ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവാണ് നെല്ലൂരിൽ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. നെല്ലൂരിൽ മുസ്ലിം വിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് നായിഡു പുതിയ വാഗ്ദാനം മുന്നോട്ടുവച്ചത്. സംസ്ഥാനത്തെ ഒരു മുസ്ലിം ആഘോഷത്തിന് സംസ്ഥാന ആഘോഷ പദവി നൽകിയത് മുമ്പത്തെ ടി.ഡി.പി സർക്കാറാണെന്നും നായിഡു അവകാശപ്പെട്ടു. രാജ്യത്തെ മറ്റിടങ്ങളിലെ മുസ്ലിങ്ങളെക്കാൾ ഹൈദരാബാദ് മുസ്ലിങ്ങൾ ഏറെ മുന്നിലാണെന്നും ഇത് തന്റെ പാർട്ടിയുടെ നയങ്ങൾ കാരണമാണെന്നും അദ്ദേഹം പറയുന്നു.