തിരുവനന്തപുരം: സമീപത്തായി ടൂറിസം കേന്ദ്രങ്ങളുള്ള പേട്ട സ്റ്റേഷന്റെ വികസനത്തിന് റെയിൽവേ അധികൃതർ കാണിക്കുന്നത് കടുത്ത അവഗണന. പേട്ട വഴി പല സ്ഥലത്തേക്കും പോയിരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഇപ്പോൾ കുറവുണ്ട്.

വിവിധ ജില്ലകളിൽ നിന്ന് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകേണ്ടവർക്ക് പേട്ടയിലിറങ്ങിയാൽ എളുപ്പത്തിൽ പോകാൻ കഴിയും. എന്നാൽ ഇവിടെ മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തതിനാൽ ഇവർക്ക് തമ്പാനൂരിലെത്തി അധികദൂരം യാത്ര ചെയ്യേണ്ട അവസ്ഥയാണ്.

വിദേശികളുടെ വരവ് കുറഞ്ഞു

തലസ്ഥാനത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് കോവളം ബീച്ച്. ഇവിടേക്ക് അവധി ദിവസങ്ങളിൽ വിദേശികൾ ഉൾപ്പെടെയുള്ളവർ ധാരാളമെത്താറുണ്ട്. തിരുവനന്തപുരത്തേക്ക് ട്രെയിനിലെത്തുന്ന ഇവർക്ക് പേട്ടയിലിറങ്ങിയാൽ ബസിലോ ഓട്ടോയിലോ കോവളത്തേക്ക് എളുപ്പത്തിൽ പോകാൻ സാധിക്കും. തമ്പാനൂരിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ സാധിക്കുമെന്നതാണ് പ്രധാനനേട്ടം.

വേളി,ശംഖുംമുംഖം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാനെത്തുന്നവർക്കും പേട്ടയിൽ ഇറങ്ങുന്നതാണ് എളുപ്പം. സ്റ്റോപ്പില്ലാത്തതുകാരണം തമ്പാനൂരിലിറങ്ങി പോകുന്നത് സമയനഷ്ടവും അധികച്ചെലവുമാണ്. ആക്കുളത്ത് ടൂറിസം വകുപ്പിന്റെ ഗ്ളാസ് ബ്രിഡ്‌ജിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ഒരു മാസത്തിനകം ഇത് തുറന്നുനൽകുന്നതോടെ കൂടുതൽ പേർ ഇവിടേക്ക് എത്തും. ആക്കുളത്തേക്ക് എളുപ്പത്തിലെത്താൻ സാധിക്കുന്ന പേട്ടയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതു കാരണം ഇവിടേക്ക് പോകേണ്ടവർ തമ്പാനൂരിലോ കഴക്കൂട്ടത്തോ ഇറങ്ങി കൂടുതൽ സഞ്ചരിക്കേണ്ടി വരും.