
തിരുവനന്തപുരം: ചട്ടവിരുദ്ധമായി വാറണ്ടുകളും സമൻസുകളും പുറപ്പെടുവിക്കുകയും കൃത്യമായ കാരണമില്ലാതെ ഫയലുകൾ കൂട്ടത്തോടെ തീർപ്പാക്കുകയും ചെയ്ത വനിതാ ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ ശമ്പളത്തിൽ അനുവദിച്ച രണ്ട് ഇൻക്രിമെന്റ് തടയാൻ സർക്കാർ ഗവർണറുടെ അനുമതി തേടി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മജിസ്ട്രേറ്റായിരിക്കെ, ഇവരുടെ കോടതിയിൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്തു. ഹൈക്കോടതിയുടെ അന്വേഷണത്തിലും വീഴ്ചകൾ ബോധ്യമായി. നടപടിയെടുക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചപ്പോൾ മജിസ്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരം ഹിയറിംഗ് നടത്തിയ ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി നടപടിയെടുക്കാൻ ശുപാർശ നൽകുകയായിരുന്നു.
സബോർഡിനേറ്റ് ജുഡിഷ്യറിയുടെ അധികാരിയായ ഗവർണറുടെ അനുമതി ലഭിച്ചാലേ അച്ചടക്കനടപടിക്ക് ഉത്തരവിറക്കാനാവൂ.
വിചാരണയും നൃത്തപഠനവും:
മജിസ്ട്രേറ്റിനെ പിരിച്ചുവിട്ടു
കേസ് കേൾക്കുന്നതിനിടെ ഡാൻസ് ക്ലാസിൽ പങ്കെടുക്കാൻ പോകുമായിരുന്ന തൃശൂരിലെ ഗ്രാമന്യായാലയയിലെ വനിതാ മജിസ്ട്രേറ്റിനെ ഒരുവർഷം മുൻപ് പിരിച്ചുവിട്ടിരുന്നു.
ഹൈക്കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നൃത്തപഠനം. വകുപ്പുതല പരീക്ഷയെഴുതി വിജയിക്കാതെ പ്രൊബേഷൻ നീട്ടിക്കൊണ്ടുപോയതും നടപടിക്കിടയാക്കി. ഹൈക്കോടതിയുടെ ശുപാർശയോടെയായിരുന്നു നടപടി.
ശരിഅത്ത് നിയമം: കേരളത്തിനും
കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: ശരിഅത്ത് നിയമം അവിശ്വാസിയായ മുസ്ലീമിന് ബാധകമല്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയിൽ കേരളത്തിനും കേന്ദ്രസർക്കാരിനും നോട്ടീസയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. 'സുപ്രധാന വിഷയമാണെന്ന്" നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ആലപ്പുഴ തൃച്ചാട്ടുകുളം സ്വദേശിനി പി.എം. സഫിയയാണ് കോടതിയെ സമീപിച്ചത്.
സഫിയയുടെ പിതാവും അവിശ്വാസിയാണ്. ശരിഅത്ത് നിയമപ്രകാരം അദ്ദേഹത്തിന് സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇഷ്ടദാനമായി മകൾക്ക് നൽകാൻ കഴിയുകയുള്ളുവെന്ന് അഭിഭാഷകൻ അറിയിച്ചു. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മുസ്ലിം സമുദായാംഗങ്ങൾക്ക് ബാധകമാക്കിയിട്ടില്ല. ഈസാഹചര്യത്തിൽ സുപ്രീംകോടതിയുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടു. മതേതര നിയമം മുസ്ലിങ്ങൾക്ക് എന്തുകൊണ്ടാണ് ബാധകമാകാത്തതെന്ന് പരിശോധിക്കാമെന്ന് ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിഷയത്തിൽ കോടതിയെ സഹായിക്കാൻ പ്രത്യേക ലാ ഓഫീസറെ നിയോഗിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് നിർദ്ദേശിച്ചു. ജൂലായ് രണ്ടാംവാരം ഹർജി വീണ്ടും പരിഗണിക്കും.