
തിരുവനന്തപുരത്ത് മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഡ്രൈവറും തമ്മിലുള്ള തർക്കമാണ് മാദ്ധ്യമങ്ങളിലെ സജീവ ചർച്ചാവിഷയം. ഒരു വാക്കുകൊണ്ടോ ചർച്ചകൊണ്ടോ തീർക്കാമായിരുന്ന വിഷയമാണ് ഇപ്പോൾ രാഷ്ട്രീയവിഷയമായി കത്തിനില്ക്കുന്നത്. പുറത്തുവന്ന വാർത്തകളുടെയും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ബസ് ഡ്രൈവറുടെ ഭാഗത്തു മാത്രമല്ല, ആദരണീയയായ മേയറുടെയും, ഭർത്താവും എം.എൽ.എയും ആയ സച്ചിൻദേവിന്റെയും ഭാഗത്തും ട്രാഫിക്ക് നിയമ ലംഘനം ഉണ്ടായിട്ടുണ്ടെന്നു വേണം കരുതാൻ.
കെ.എസ്.ആർ.ടി.സി ഡ്രൈവറിൽ നിന്നുള്ള വീഴ്ചയ്ക്കെതിരേ മേയറും ഭർത്താവും ഉചിത മാർഗങ്ങളിലൂടെ പരാതി നൽകുകയാണ് ചെയ്യേണ്ടിയിരുന്നത്. ബസിൽ നിന്ന് യാത്രക്കാരെ ആര് ഇറക്കിവിട്ടു എന്നതാണ് പ്രധാന ചോദ്യം. മേയറും കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളുമാണ് അതു ചെയ്തതെങ്കിൽ നിയമപ്രകാരം അവർ കുറ്റം ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഇവർക്ക് എം.വി.ഡി ഉദ്യോഗസ്ഥരോടോ വകുപ്പു മന്ത്രിയോടു തന്നെയോ പരാതിപ്പെടാമായിരുന്നു.
നിയമം എന്തു
പറയുന്നു?
റോഡിൽ അപകടമുണ്ടാവുകയോ നിയമ ലംഘനമുണ്ടാവുകയോ ചെയ്താൽ ഡ്രൈവറും വാഹനത്തിലുള്ളവരും എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച് റോഡ് സുരക്ഷാ നിയമത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ് നിയമത്തിന്റെ 2017-ൽ പരിഷ്കരിച്ച 29-ാം വകുപ്പിലാണ് ഇക്കാര്യം പറയുന്നത്. അപകടമുണ്ടാവുകയോ സുരക്ഷാ വീഴ്ചയുണ്ടാവുകയോ ചെയ്താൽ എതിർവാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടോ മോശമായി പെരുമാറുകയോ അപായപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് പ്രധാനമായും നിർദ്ദേശിക്കുന്നു.
അപകടത്തിൽപ്പെട്ടതോ വീഴ്ച വരുത്തിയതോ ആയ വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും, മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാകാത്ത രീതിയിൽ അവ റോഡരികിലേക്ക് മാറ്റിയിടുകയും വേണം. അഡ്രസ്, ഫോൺ നമ്പർ, ലൈസൻസ്, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ രണ്ടു വാഹനങ്ങളിലുമുള്ളവർ പരസ്പരം കൈമാറണം. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റ് ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായാൽ പൊലീസിനെ വിവരമറിയിച്ചതിനു ശേഷം ആംബുലൻസ് സഹായത്തോടെ അത് നിർവഹിക്കണം. അത്തരം സന്ദർഭമില്ലെങ്കിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ അടക്കമുള്ളവർ പൊലീസ് എത്തുന്നതുവരെ സ്ഥലത്ത് നിർബന്ധമായും തുടരുകയും വേണം. സംഭവമെന്തായാലും എതിർഭാഗത്തുള്ളവരെയോ അവരുടെ ആളുകളെയോ പ്രകോപിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് വ്യവസ്ഥകളിൽ നിർദ്ദേശിച്ചിട്ടുണ്ട്.
വിദേശത്തും
നാട്ടിലും
നിയമങ്ങളിലും ചട്ടങ്ങളിലും ഇങ്ങനെയൊക്കെയാണ് വ്യവസ്ഥ ചെയ്യുന്നതെങ്കിലും അതിനു വിപരീതമായ സംഭവങ്ങളാണ് കേരളത്തിൽ മിക്കപ്പോഴും നടക്കുന്നത്. വിദേശരാജ്യങ്ങളിലാണ് ഇത്തരം സംഭവങ്ങളോ അപകടങ്ങളോ ഉണ്ടാകുന്നതെങ്കിൽ ഇരുവാഹനങ്ങളിലുമുള്ളവർ ആദ്യം ചോദിക്കുന്നത് 'ആർ യു ഒകെ?" എന്നാവും. അപകടത്തിൽ നിന്നും സംഘർഷഭരിതമായ സാഹചര്യത്തിൽ നിന്നും ഒരു മോചനമുണ്ടാക്കുകയാണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്. ഇവിടെയാണെങ്കിലോ? 'ഞാനാരാണെന്ന് തനിക്കറിയാമോ" എന്നാവും ആദ്യ ചോദ്യം. താനാരാണെന്ന് എതിർഭാഗത്തെ അറിയിക്കാനുള്ള പെടാപ്പാടും പ്രകോപനങ്ങളും തുടർന്നുണ്ടാകും.
ഞാനെന്ന ഭാവം കളയുകയാണ് ഡ്രൈവിംഗ് പഠിക്കുമ്പോൾത്തന്നെ ആദ്യം ശീലമാക്കേണ്ടത്. ഇവിടെ തിരുവനന്തപുരം സംഭവത്തിലും വില്ലനായിരിക്കുന്നത് ഇരുപക്ഷത്തിന്റെയും താനെന്ന ഭാവവും ധാർഷ്ട്യവുമാണെന്ന് കരുതേണ്ടിവരും.
തെറ്റ് ഡ്രൈവറുടെ ഭാഗത്താണെങ്കിലും മേയറുടെ ഭാഗത്താണെങ്കിലും കർശന നടപടിയുണ്ടാവണം. മോട്ടോർ വാഹന വകുപ്പും പൊലീസും അടക്കമുള്ള അധികൃതർ അത് വസ്തുനിഷ്ഠമായി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണം. സ്ഥലത്തെ സിസി ടിവി ക്യാമറകളും ബസിലെ യാത്രക്കാരുടെ മൊഴികളും ശരിയായി പരിശോധിക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കാൻ നിയമ ലംഘനങ്ങൾക്കെതിരേ കർശന നടപടിയെടുക്കുകയുമാണ് ആവശ്യം.
(റോഡ് സുരക്ഷാ നിയമ വിദഗ്ദ്ധനും പൊതുപ്രവർത്തകനുമാണ് ലേഖകൻ. മൊബൈൽ: 94473 00978)