
തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ ഇ.പി.ജയരാജനെതിരെ നടപടിയില്ലെന്നും,എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ മാറ്റില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇ.പി .ജയരാജനെതിരായ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്തില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളുമായി സംസാരിക്കുന്നത് പ്രത്യയ ശാസ്ത്രക്കരുത്ത് ചോർത്തുമെന്നത് പൈങ്കിളി പ്രചാരണമാണ്.ഡൽഹിയിലും എറണാകുളത്തും തൃശൂരിലും
ശോഭ സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടന്നുവെന്ന വാദം ശുദ്ധ അസംബന്ധമാണ്. അവർ തിരക്കഥ മെനയുകയാണ്. ശോഭയടക്കം വിഷയത്തിൽ വസ്തുതാ വിരുദ്ധമായ വിശദീകരണം നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഇ.പിയെ യോഗം ചുമതലപ്പെടുത്തി. കോൺഗ്രസ്, ബി.ജെ.പി നേതാക്കളെ കാണാനും ലോഹ്യം പറയാനുമാവില്ലെന്നത് നല്ല രാഷ്ട്രീയ സംസ്‌ക്കാരമല്ല. വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. പ്രതിപക്ഷനേതാവ് പറയുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 ഇടതുമുന്നണി ഭൂരിപക്ഷം സീറ്റ് നേടും
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഭൂരിപക്ഷം സീറ്റുകളിൽ വിജയിക്കും. രണ്ടക്കം തികയ്ക്കും. ബി.ജെ.പി ഒരിടത്തും ജയിക്കില്ല. കഴിഞ്ഞ തവണത്തെ പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമില്ല. വയനാട്ടിലടക്കമിത് പ്രതിഫലിക്കും. തൃശ്ശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാൻ ഇ.ഡിയും, ആദായ നികുതി വകുപ്പും ഇടപെട്ടു. സി.പി.എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രധാനമന്ത്രി കള്ള പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന കള്ള പ്രചാരവേലയുണ്ടായി. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ കോൺഗ്രസ് ബി.ജെ.പിയുമായി ധാരണയുണ്ടാക്കി. ഇതെല്ലാം മറികടന്ന് എൽ.ഡി.എഫ് വിജയിക്കും.
വടകരയിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടന്നു. വർഗീയ പ്രചാരണങ്ങൾക്കൊപ്പം ഇടത് സ്ഥാനാർത്ഥിക്കെതിരെ വ്യക്തി അധിക്ഷേപവും നടന്നു. ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി വോട്ട് കോൺഗ്രസിന് നൽകി. വോട്ടിംഗ് ശതമാനത്തിലെ കുറവ് ഇടതുമുന്നണിയെ ബാധിക്കില്ല. എൽ.ഡി.എഫിന്റെ എല്ലാ വോട്ടും ബൂത്തിലെത്തി. വോട്ട് കുറഞ്ഞത് യു.ഡി.എഫ് സ്വാധീന മേഖലകളിലാണെന്നും ഗോവിന്ദൻ പറഞ്ഞു.
 ആസൂത്രിത പദ്ധതി: ഇ.പി. ജയരാജൻ
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിത പദ്ധതിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെ. പറയുന്നതിൽ അന്വേഷണം നടത്താൻ മാധ്യമങ്ങൾ തന്റേടം കാണിക്കണം. നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കും.അൽപം ബുദ്ധിയുള്ള ആരെങ്കിലും കേരളത്തിൽ ബി.ജെ.പിയിൽ ചേരുമോ?. പ്രകാശ് ജാവ്ദേക്കർ കാണാൻ വന്നു. ബാക്കിയൊക്കെ പുക മറയാണ് ദല്ലാൾ നന്ദകുമാറുമായി അമിത സൗഹൃദമില്ല..പലരും തന്നെ വന്നു കാണാറുണ്ട്. അതൊക്കെ പാർട്ടിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ. സെക്രട്ടേറിയറ്റിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുഹചെയ്യുന്നയാളാണ്. ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.