
തിരുവനന്തപുരം: പിഎച്ച്.ഡി പ്രവേശനം നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമാക്കാൻ യു.ജി.സി തീരുമാനിച്ചിട്ടും കുസാറ്റ്, ഡിജിറ്റൽ യൂണിവേഴ്സിറ്റികൾ പിഎച്ച്.ഡി പ്രവേശന പരീക്ഷ നടത്തുന്നു.
വിവിധ സ്ഥാപനങ്ങൾ നടത്തുന്ന ഒന്നിലധികം പ്രവേശന പരീക്ഷകൾ ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു യു.ജി.സിയുടെ പരിഷ്കാരം. ഗവേഷണ സ്ഥാപനങ്ങൾ ഇനിമുതൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തരുതെന്നും യു.ജി.സി നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം ഗവേഷകർക്ക് പ്രവേശനം നൽകേണ്ടതെന്നും യു.ജി.സി വിസിമാർക്ക് നൽകിയ മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. നെറ്റ് സ്കോറിനോടൊപ്പം 30% മാർക്ക് ഇന്റർവ്യൂവിന് നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടത്. ഇതിന് വിരുദ്ധമായി പ്രവേശന പരീക്ഷ നടത്തുന്നത് 'വേണ്ടപ്പെട്ടവരെ' പിഎച്ച്.ഡിക്കാരാക്കാനുള്ള കള്ളക്കളിയാണെന്നാണ് ആക്ഷേപം.
എം.ജി വാഴ്സിറ്റി നേരത്തേ പിഎച്ച്.ഡി എൻട്രൻസിന് വിജ്ഞാപനമിറക്കിയെങ്കിലും യു.ജി.സി നിർദ്ദേശം വന്നതോടെ പിൻവലിച്ചു. ഡൽഹിയിലെ ജെ.എൻ.യു നടത്തുന്ന പ്രവേശന പരീക്ഷയും നിറുത്തലാക്കി. നെറ്റ് യോഗ്യത നേടിയവർക്ക് പിഎച്ച്.ഡി പ്രവേശനത്തിന് മുൻഗണന നൽകണമെന്ന വ്യവസ്ഥപോലും മറികടന്ന് മലയാളം, സംസ്കൃതം സർവകലാശാലകൾ പ്രവേശനം നൽകിയതായി പരാതിയുണ്ടായിരുന്നു. വാഴ്സിറ്റികളുടെ പ്രവേശന പരീക്ഷയിലെ പഴുതുകളുപയോഗിച്ച് എസ്.എഫ്.ഐ നേതാക്കളടക്കം പിഎച്ച്.ഡി പ്രവേശനം നേടുന്നുണ്ടെന്നും പ്രവേശന പരീക്ഷ തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് മേയ് 30ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കാം. സയൻസ്, എൻജിനിയറിംഗ് വിഷയങ്ങളിൽ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്കാണ് അപേക്ഷിക്കാനാവുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക് www.kscste.kerala.gov.in. ഫോൺ: 0471-2548402. ഇ-മെയിൽ: jaya.kscste@kerala.gov.in
ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പ്രോഗ്രാം
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ബോഷ്-സി.ഇ.ടി. സെന്റർ ഒഫ് എക്സലൻസ് ഇൻ ഓട്ടോമേഷൻ ടെക്നോളജീസിൽ ജൂണിൽ 30 മണിക്കൂർ ദൈർഘ്യമുള്ള 'ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ' ട്രെയിനിംഗ് പ്രോഗ്രാമുകൾ നടത്തും. 25വിദ്യാർത്ഥികൾ വീതമുള്ള ആറു ബാച്ചുകളിലായി പ്രായോഗിക പരിശീലനം നൽകും. ട്രെയിനിംഗ് ഫീസ് 1800 രൂപ. എൻജിനിയറിംഗ്, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഫോൺ- 9447343160
ഇ-ഗവേണൻസ് പി.ജി ഡിപ്ലോമ
തിരുവനന്തപുരം: ഐ.ടി മിഷൻ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേണസ് കോഴ്സിന് സർക്കാർ ജീവനക്കാർക്ക് https://duk.ac.in/admission/apply/ ൽ മേയ് 31നകം അപേക്ഷിക്കാം. കാലാവധി ഒരു വർഷം. വെബ്സൈറ്റ്- itmission.kerala.gov.in.