
തിരുവനന്തപുരം: കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിലേക്ക് റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന വിവരാവകാശ വിവരാവകാശ കമ്മിഷണർ എ.അബ്ദുൾ ഹക്കീമിന്റെ ഉത്തരവ്. ടോപ്പ് റോഡിന്റെ ശേഷി വർദ്ധിപ്പിക്കാൻ 1998ൽ നടത്തിയ 1,71,29,902 രൂപയുടെ പണികൾ സംബന്ധിച്ച ഫയലുകൾ കാണാനില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ
അറിയിച്ചതിനെ തുടർന്നാണിത്. ചീഫ് എൻജിനിയറുടെ ഓഫീസുകളിലടക്കം അന്വേഷണം നടത്തി രേഖകൾ കണ്ടെത്തി നൽകാനാണ് നിർദ്ദേശം.
ചന്ദ്രഗിരി കൺസ്ട്രക്ഷൻ കമ്പനിയാണ് പണി നടത്തിയത്. കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ കമ്പനിക്ക് 73,91,032 രൂപ നല്കിയതായി കണ്ടെത്തിയിരുന്നു. എന്നാൽ തുടർപ്രവൃത്തികളുടെയോ വീണ്ടും നൽകേണ്ട തുകയുടെയോ പണി പൂർത്തിയാക്കിയതിന്റെയോ രേഖകൾ കാണാനില്ലെന്ന് ചീഫ് എൻജിനിയർ, ഉത്തരമേഖല സൂപ്രണ്ടിംഗ് എൻജിനിയർ, കണ്ണൂർ എക്സിക്യുട്ടീവ് എൻജിനിയർ, അസി. എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ കമ്മിഷനെ അറിയിച്ചു.
അംഗീകൃത പി.എ.സി, റിവൈസ്ഡ് എസ്റ്റിമേറ്റ്, ബിൽകോപ്പി, എം ബുക്കിന്റെ പകർപ്പ്, ഭരണ- സാങ്കേതിക- സാമ്പത്തിക അനുമതികൾ, ടെൻഡർ, പണി അനുവദിച്ച് നല്കൽ, പൂർത്തീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ലഭ്യമല്ലെന്നും അറിയിച്ചു. പണിയുമായി ബന്ധപ്പെട്ട ഓഡിറ്റ് നടക്കുന്നതിന് മുമ്പാണ് ഫയലുകൾ നഷ്ടപ്പെട്ടത്. വിഷയം സംശയത്തിന്റെ നിഴലിലാണെന്ന് കമ്മിഷൻ വിലയിരുത്തി.
റോഡ് നിർമ്മിച്ചതിന്റെ മുഴുവൻ തുകയും ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ചന്ദ്രഗിരി കൺസ്ട്രക്ഷൻ 2020ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കാൻ വിവരാവകാശ കമ്മിഷനോട് കോടതി നിർദ്ദേശിച്ചു. തുടർന്ന് തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ഹിയറിംഗ് ഉൾപ്പെടെ കമ്മിഷൻ നടത്തിയിരുന്നു.
കരുവന്നൂർ കേസ്:
സി.പി.എം അക്കൗണ്ട്
വിവരം ഇ.ഡിക്ക് നൽകി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇ.ഡിക്ക് മുമ്പിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഹാജരാക്കി. ഇന്നലെ ചോദ്യം ചെയ്യൽ വേളയിലാണ്കൈമാറിയത്. ഇവ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. വർഗീസിനെ 10 മണിക്കൂറോളം ചെയ്തശേഷം വിട്ടയച്ചു. വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അന്വേഷണത്തിനായി സഹകരിക്കുമെന്നും വർഗീസ് പറഞ്ഞു.
കരുവന്നൂർ ബാങ്കിനു പുറമെ തൃശൂർ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സി.പി.എമ്മിന് അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പല തവണ വർഗീസിനെ ചോദ്യം ചെയ്തിരുന്നു. മുൻ എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ബിജുവിനെയും ചോദ്യം ചെയ്തിരുന്നു.