തിരുവനന്തപുരം: പേട്ട സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്ത പ്രശ്‌നത്തോടൊപ്പം ചർച്ച ചെയ്യേണ്ട വിഷയമാണ് ഉദ്യോഗസ്ഥ പരിമിതിയും. പൈതൃക റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിച്ച ഇവിടെ ഒരു ഉദ്യോഗസ്ഥനാണ് മുഴുവൻ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ടിക്കറ്റ് റിസർവേഷൻ,​പ്ളാറ്റ്ഫോം പരിശോധന,​ലെഗേജിലെ തൂക്കം നോക്കൽ,​സ്റ്റേഷൻ പ്രവർത്തനം നിയന്ത്രിക്കൽ തുടങ്ങിയ നിരവധി ജോലികൾ സ്റ്റേഷൻ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനാണ് ചെയ്യേണ്ടത്.

പലദിവസങ്ങളിലും പേട്ടയിൽ റിസർവേഷൻ ചെയ്യാൻ വലിയ തിരക്കുണ്ടാകും. പട്ടം എൽ.ഐ.സി ഓഫീസിനു മുന്നിൽ റിസർവേഷൻ കൗണ്ടറുണ്ടായിരുന്നത് നിറുത്തി. തമ്പാനൂർ സ്റ്റേഷൻ വിപുലീകരിച്ചപ്പോൾ അവിടെയാക്കി. എന്നാൽ അവിടെ ഏത് സമയത്തും വലിയ തിരക്കാണുള്ളത്. ആ തിരക്ക് കുറയ്ക്കാൻ പേട്ടയിൽ കൗണ്ടറുകൾ തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. രാവിലെ 8ന് പേട്ടയിൽ റിസർവേഷൻ ആരംഭിക്കും. തുടർന്ന് 10ന് തത്കാൽ സ്ളീപ്പർ തുടങ്ങിയവയുടെ റിസർവേഷനും തുടങ്ങും. വൈകിട്ട് 8 വരെ റിസർവേഷൻ സൗകര്യം ലഭ്യമാണ്. പേട്ടയിൽ ഒറ്റ ഉദ്യോഗസ്ഥനെ വച്ച് വൺമാൻ ഷോ നടത്തുന്ന പരിപാടി അവസാനിപ്പിച്ച് റെയിൽവേ കൂടുതൽ സജ്ജീകരണം നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഔട്ടറിൽ പിടിച്ചിട്ടാലും

പേട്ടയിൽ നിറുത്തില്ല

ആധുനിക സിഗ്നൽ ക്രമീകരണത്തിന്റെ പേരിൽ പേട്ട സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രെയിൻ പിടിച്ചിടാതെ ഔട്ടറിൽ പിടിച്ചിടുന്നത് യാത്രക്കാരെ വലയ്‌ക്കുകയാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്ളാറ്റ്ഫോം ഒഴിവില്ലാതെ വരുമ്പോൾ മുമ്പ് പേട്ട സ്റ്റേഷനിൽ ട്രെയിനുകൾ വിവിധ സമയത്ത് പിടിച്ചിടാറുണ്ടായിരുന്നു. 10 ട്രെയിനെങ്കിലും പ്രതിദിനം ഇവിടെ പിടിച്ചിട്ടിരുന്നു.

ആർ.സി.സി,​മെഡിക്കൽ കോളേജ് ആശുപത്രി,​ശ്രീചിത്ര,​എസ്.എ.ടി,​നിയമസഭ,​എം.എൽ.എ ഹോസ്റ്റൽ,​യൂണിവേഴ്സിറ്റി ഓഫീസ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോകാനുള്ളവർ പേട്ട സ്റ്റേഷനിലാണിറങ്ങുന്നത്. പേട്ട സ്റ്റേഷന് മുന്നിലുള്ള മൂന്നാംമനയ്ക്കൽ,സ്റ്റേഷൻ കഴിഞ്ഞുള്ള ഉപ്പിടാംമൂട് പാലത്തിനു സമീപം എന്നിവിടങ്ങളിലാണ് ട്രെയിനുകൾ പിടിച്ചിടുന്നത്. ഇതുകാരണം ആർ.സി.സി,​മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചികിത്സയ്ക്കെത്തുന്നവർ തമ്പാനൂരിലിറങ്ങി പോകേണ്ട സ്ഥിതിയാണ്. രാവിലെ പേട്ടയിൽ സ്റ്റോപ്പുള്ള ആറ് ട്രെയിനുകൾക്ക് പുറമേ എട്ട് ട്രെയിനുകൾ കൂടി പിടിച്ചിടുമായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഡി.ആർ.എമ്മിനുൾപ്പെടെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു.