തിരുവനന്തപുരം: നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി മേയർ ആര്യാ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ ബസ് ഡ്രൈവർ എച്ച്.എൽ. യദുവിനെ ജോലിയിൽ നിന്നു മാറ്റിനിറുത്തി. സ്ഥിര ജീവനക്കാരുടെ ഒഴിവിൽ ജോലിചെയ്യുന്ന ബദലി വിഭാഗത്തിലെ ഡ്രൈവർ ആയതിനാൽ ഒഴിവാക്കുന്നതു സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഇറക്കിയിട്ടില്ല. അതേസമയം, ഡ്രൈവറുടെ ഭാഗത്തല്ല പിഴവ് എന്ന നിലയിലുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. യാത്രക്കാരുടെ പ്രതികരണങ്ങളും ഡ്രൈവർക്ക് അനുകൂലമാണ്.
എന്നാൽ, മേയറെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയ സാഹചര്യത്തിൽ ഡ്രൈവറെ പഴിചാരി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. സംഭവത്തിൽ മന്ത്രി കെ.ബി. ഗണേശ്‌കുമാർ ഇടപെട്ട് അന്വേഷണം നടത്തിയിരുന്നു. യാത്രക്കാരിൽ നിന്നും വിവരം ശേഖരിച്ചിരുന്നു. ആരും ഡ്രൈവറെ കുറ്റപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് ഇന്നലെ മന്ത്രിക്ക് കൈമാറി. എന്നാൽ, സി.പി.എം നിലപാടിനെതിരെ നീങ്ങണ്ടെന്നാണ് നിലവിലെ തീരുമാനം. ബി.എം.എസും, കോൺഗ്രസ് അനുകൂല സംഘടനായ ടി.ഡി.എഫും ഡ്രൈവർക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 10.20 ന് പാളയം സാഫല്യം കോംപ്ലക്സിനു സമീപത്തുവച്ചാണ് കാറിന് കടന്നുപോകാൻ സ്ഥലം നൽകിയില്ലെന്നാരോപിച്ച് മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായി തർക്കമുണ്ടായത്. മേയർ ആര്യാരാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എം.എൽ.എ, ആര്യയുടെ സഹോദരൻ അരവിന്ദ്, ഭാര്യ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ക്യാമറ ദൃശ്യങ്ങൾ കേസിനെതിര്
സീബ്ര ലൈനിൽ കാർ കുറുകെയിട്ടാണ് കെ.എസ്.ആർ.ടി.സി ബസിനെ തടഞ്ഞതെന്ന് വ്യക്തമാകുന്നതാണ് പുറത്തുവന്ന സി.സി.ടിവി ദൃശ്യം. ബസിന്റെ ഇടതുവശത്തു കൂടിയാണ് ഓവർടേക്ക് നടന്നതെന്നും ഈ ദൃശ്യം വ്യക്തമാക്കുന്നു.
റെഡ് സിഗ്നലിലാണ് കാർ നിറുത്തിയതെന്നും ഇതിനു ശേഷമാണ് കാറിൽ നിന്ന് ഇറങ്ങി ഡ്രൈവറോട് സംസാരിച്ചതെന്നുമുള്ള ആര്യയുടെ വാദങ്ങൾ വാസ്തവവിരുദ്ധമെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ.
ബസ് സർവീസ് മുടക്കിയെന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പരാതി നിലനിൽക്കുമെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സർക്കാർ ജോലി തടസപ്പെടുത്തി പൊതുജനത്തിന് തടസമുണ്ടാക്കിയെന്ന ഡ്രൈവറുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് ജാമ്യമില്ലാക്കുറ്റത്തിന് വകുപ്പുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ തടയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുന്നതിന് ഐ.പി.സി 353 പ്രകാരം കേസെടുക്കാം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാക്കുറ്റമാണിതെന്ന് നിയമവിദ്ഗദ്ധർ പറയുന്നു.
''മേയർ ആര്യാ രാജേന്ദ്രന് ജാഗ്രതക്കുറവുണ്ടായിട്ടില്ല. വിഷയം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബസ് ഡ്രൈവർക്കാണ് ജാഗ്രതക്കുറവുണ്ടായത്. അയാൾക്കെതിരെ നടപടിയെടുക്കണം''
-എം.വി.ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറി, സി.പി.എം
''ഡ്രൈവർ ലൈംഗികചുവയോടെ ഒരു ആക്ഷൻ കാണിച്ചതിനെതിരെയാണ് പ്രതികരിച്ചത്. ലഹരി പദാർത്ഥം ഉപയോഗിച്ച ശേഷം ഞങ്ങളുടെ സൈഡിലേക്ക് അത് വലിച്ചെറിഞ്ഞു. ഇതിനുമുൻപും ഈ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു സ്ത്രീ തന്നെ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്.''
- മേയർ ആര്യാ രാജേന്ദ്രൻ
''ലൈംഗികചേഷ്ട കാണിച്ചിട്ടില്ല. ലഹരി ഉപയോഗിച്ചിട്ടില്ല. മേയർ സ്വകാര്യ സ്വാധീനം ഉപയോഗിക്കുന്നു. ലൈംഗിക ആരോപണക്കേസിൽ തെറ്റുകാരനല്ല. കോടതി വെറുതെ വിട്ടതാണ്.
-എച്ച്.എൽ.യദു, ഡ്രൈവർ