തിരുവനന്തപുരം: വർഷങ്ങളായി മരുന്നുകഴിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാത്ത രക്തസമ്മർദ്ദത്തെ റീനൽ ഡിനർവേഷൻ തെറാപ്പിയിലൂടെ ഭേദമാക്കി കിംസ് ഹെൽത്ത്. തിരുവനന്തപുരം സ്വദേശിയായ എഴുപത്തിരണ്ടുകാരനാണ് ചികിത്സ നൽകിയത്. ദിവസവും മരുന്നുകൾ ഉപയോഗിച്ചിട്ടും രക്തസമ്മർദ്ദം നിയന്ത്രിക്കാനാവാത്തവർക്ക് ബദൽ ചികിത്സാമാർഗമാണിത്.

ചികിത്സയുടെ ഭാഗമായി രോഗിക്ക് ഇടത് വൃക്കയിലേക്കുള്ള ധമനി ചുരുങ്ങുന്നത് തടയാനായി രണ്ട് വർഷം മുമ്പ് ആൻജിയോ പ്ലാസ്റ്റിയും സ്റ്റെന്റിംഗും നടത്തിയെങ്കിലും രക്തസമ്മർദ്ദം കുറഞ്ഞില്ല. മാത്രമല്ല റസിസ്റ്റന്റ് ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിലുമായി. രോഗിയുടെ ഈ അവസ്ഥ കണക്കിലെടുത്ത് റീനൽ ഡിനർവേഷൻ തെറാപ്പി നിർദ്ദേശിക്കുകയായിരുന്നെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റും കോ -ഓർഡിനേറ്ററുമായ ഡോ. രമേഷ് നടരാജൻ പറഞ്ഞു. രക്തക്കുഴലിലേക്ക് ചെറിയ ദ്വാരമുണ്ടാക്കി കത്തീറ്റർ പ്രവേശിപ്പിച്ച് വൃക്കയിലും അനുബന്ധ ഞരമ്പുകളിലും എത്തിച്ചു. ഈ കത്തീറ്ററിൽ നിന്ന് പുറത്തുവരുന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങളുപയോഗിച്ച് ഞരമ്പുകളുടെ ചുറ്റും പിണഞ്ഞുകിടക്കുന്ന സിമ്പതറ്റിക് നാഡികളെ കരിച്ചു കളയുന്നു. ഇതോടെ രക്തസമ്മർദ്ദം കുറയുകയും വൃക്കയിലെ സമ്മർദ്ദം ലഘുവാകുകയും ചെയ്തു. കാർഡിയോ തൊറാസിക് അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ.എസ്.സുഭാഷ്, ഡോ. അനിൽ രാധാകൃഷ്ണൻ പിള്ള എന്നിവരും ചികിത്സയുടെ ഭാഗമായി.