തിരുവനന്തപുരം: ഇ.പി.ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഏജന്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പിക്കെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സി.പി.എമ്മിനില്ല.
ജയരാജന്റെ നാവിൻ തുമ്പിലുള്ളത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സി.പി.എമ്മിനില്ല. ജയരാജന് ബി.ജെ.പിയിലേക്ക് പോകാൻ സമ്മതം നൽകുക കൂടിയാണ് സി.പി.എം ചെയ്തതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
കൊടിയ അഴിമതി നടത്തിയവരേയും അതിന്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാൻ വർഗീയതയുമായി സി.പി.എം സന്ധി ചെയ്തു. ഇ.പി മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവ്ദേക്കറുമായി പലതവണ സംസാരിച്ചിട്ടുണ്ട്.. പിണറായി വിജയനേയും കൂട്ടു പ്രതിയായ ഇ.പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണം കെട്ട മാർഗം മാത്രമേ സി.പി.എമ്മിന് മുന്നിലുള്ളൂ.ഏത് സി.പി.എം നേതാവിനും ഏത് ബി.ജെ.പി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നലാണ് എം.വി ഗോവിന്ദൻ നൽകിയത്. ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബി.ജെ.പിയിലക്ക് വഴി വെട്ടുകയാണ് അദ്ദേഹം. എൽ.ഡി.എഫ് ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
 ഇ.പിയെ തൊടാനുള്ള ധൈര്യം പിണറായിക്കില്ല: ചെന്നിത്തല
ബി.ജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായിക്കില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇ.പി. അദ്ദേഹമറിയാതെ ചെറു വിരലനക്കില്ല. ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് പാർട്ടിയിലെ ആർക്കാണ് അറിയാത്തതെന്നും ചെന്നിത്തല ചോദിച്ചു.
സംശയകരമായ ബാന്ധവം മുഖ്യമന്ത്രി അറിഞ്ഞാണ് നടന്നത്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ തുടങ്ങിയ സി.പി.എം - ബി.ജെ.പി ബന്ധം ഇപ്പോഴാണ് മറ നീക്കി പുറത്ത് വന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റിലും ജയിക്കാൻ പോകുന്നില്ല. കോൺഗ്രസ് മുക്ത ഭാരതമെന്ന ആഗ്രഹം മലർപ്പോടിക്കാരന്റെ സ്വപ്നമാണ്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്ന നീചമായ കള്ള പ്രചരണം ഈ തിരഞ്ഞെടുപ്പു കാലത്ത് നടത്തിയ സി.പി.എമ്മിന്റെ യഥാർത്ഥ മുഖമാണ് വെളിച്ചത്ത് വന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 ജയരാജനെ ഭയന്ന് പിണറായി പിന്മാറി: എം.എം. ഹസൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വ്യക്തമായെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആശീർവാദത്തിലുണ്ടായ സി.പി.എം - ബി.ജെ.പി ഡീലിന്റെയും, അദ്ദേഹത്തിന്റെ കേസുകളുടെയും അരമനരഹസ്യം പുറത്തുവരുമെന്ന് ഭയന്നാണ് ജയരാജനെതിരെ പാർട്ടി നടപടിയെടുക്കാത്തത്.
നടപടിയെടുത്താൽ ജയരാജൻ പൊട്ടിക്കുന്ന ബോംബുകളുടെ ആഘാതം താങ്ങാൻ പിണറായിക്കു കഴിയില്ല. പിണറായിയെയും ജയരാജനെയും സംരക്ഷിക്കാനാണ് ശോഭയ്ക്കെതിരേ കേസു കൊടുക്കാൻ തീരുമാനിച്ചത്.
ബി.ജെ.പിയിൽ ചേരാൻ ഡൽഹിയിലെത്തിയ ജയരാജനെ പിന്തിരിപ്പിച്ചത് പിണറായിയുടെ ഫോൺ കാളാണെന്നാണ് പറയപ്പെടുന്നത്. ഇ.ഡിയിൽ നിന്നു രക്ഷപ്പെടാനുള്ള അവസാനത്തെ പിടച്ചിലാണ് ജയരാജൻ നടത്തിയത്. വൈദേഹം റിസോർട്ടിൽ ഇ.ഡി പരിശോധനയ്ക്കെത്തിയത് 2023 മാർച്ച് രണ്ടിനായിരുന്നു. ജയരാജൻ - ജാവദേക്കർ കൂടിക്കാഴ്ച മാർച്ച് അഞ്ചിനും. ജയരാജൻ വിഷയത്തിൽ ആദ്യം നിലപാടെടുത്ത സി.പി.ഐ വല്യേട്ടനെ ഭയന്ന് കരണം മറിഞ്ഞെന്നും ഹസൻ പറഞ്ഞു.
 ഒരു ഇടത് നേതാവിനെയും വിലയ്ക്ക് വാങ്ങാനാകില്ല: ജോസ് കെ. മാണി
കേരളത്തിൽ നിന്ന് ഒരു ഇടതുപക്ഷ നേതാവിനെയും ബി.ജെ.പിക്ക് വിലയ്ക്ക് വാങ്ങാനാകില്ലെന്നും ആശയക്കുഴപ്പമുണ്ടാക്കി വോട്ട് വിഭജിപ്പിക്കാനുള്ള യു.ഡി.എഫ് ശ്രമത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട പ്രശ്നവും കാലാവസ്ഥയും പോളിംഗ് ശതമാനം ഇടിയാൻ കാരണമായിട്ടുണ്ട്. അതൊന്നും ഇടതുപക്ഷത്തിന്റെ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തേക്ക് വന്നത് മദ്ധ്യതിരുവിതാംകൂറിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തടക്കം ഇടതിന് അഭിമാനകരമായ ജയമുണ്ടാകും. മതേതരത്വം സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു