തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീകൾക്ക് ഇറങ്ങിനടക്കാൻ വേണ്ടിയാണ് താൻ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പ്രതികരിച്ചതെന്ന് മേയർ ആര്യ രാജേന്ദ്രൻ. പൊലീസിന് മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയർ. ലഹരി ഉപയോഗിച്ചാണ് ഡ്രൈവർ വാഹനം ഓടിച്ചത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് ചെറിയ കാര്യമല്ല. വളരെ മോശമായാണ് ഡ്രൈവർ സംസാരിച്ചത്. മറുവശത്ത് രണ്ട് ജനപ്രതിനിധികൾ ആയതുകൊണ്ട് ബോധപൂർവം കരിവാരി തേയ്ക്കുകയാണ്. വാഹനം ഞങ്ങൾ തടഞ്ഞിട്ടില്ല- മേയർ പറഞ്ഞു.
''ഇടതുവശത്ത് ഒരു കെ.എസ്.ആർ.ടി.സി ബസ് തട്ടാൻ വരുന്നതാണ് ആദ്യം ശ്രദ്ധിക്കുന്നത്. ഞാനും സഹോദരന്റെ ഭാര്യയും പിന്നിലെ ഗ്ലാസിലൂടെ തിരികെ നോക്കിയപ്പോൾ കെ.എസ്.ആർ.ടി.സി ഡ്രൈവർ ലൈംഗികചുവയോടെ ഒരു ആക്ഷൻ ഞങ്ങളെ കാണിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഭാഗത്തുനിന്ന് അത്തരമൊരു നടപടിയുണ്ടായപ്പോൾ ഞങ്ങൾക്ക് വലിയ അസ്വസ്ഥതയുണ്ടായി. നിയമപരമായി നേരിടാൻ തന്നെ തീരുമാനിച്ചു.പിന്നീട് വലതുവശത്തു കൂടി അദ്ദേഹം ഓവർടേക്ക് ചെയ്തു. സാഫല്യം കോംപ്ലക്സിനു മുന്നിലെത്തിയപ്പോൾ റെഡ് സിഗ്നലായിരുന്നു. ഞങ്ങൾ വാഹനം നിറുത്തി ഡ്രൈവറോട് സംസാരിക്കാൻ പോയി.ലൈംഗിക ചുവയോടെ ഇങ്ങനെ എന്തിനാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോൾ മറ്റു പലതുമാണ് പറഞ്ഞത്.''ലഹരി പദാർത്ഥം ഉപയോഗിച്ച ശേഷം ഞങ്ങളുടെ സൈഡിലേക്ക് അത് വലിച്ചെറിഞ്ഞെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
ഇത് ഏതെങ്കിലും തരത്തിൽ വാഹനത്തിന് സൈഡ് തരാത്ത വിഷയമല്ല. സ്ത്രീകൾക്കു നേരെയുള്ള അതിക്രമമാണ്. ഡ്രൈവർ ബോധത്തോടെയല്ല സംസാരിച്ചത്. അപകടരമായി വാഹനം ഓടിച്ചതിന് ഇതിനുമുൻപും ഈ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്ന് അദ്ദേഹം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. കെ.എസ്. ആർ.ടി.സി ബസിനെയാണ് അദ്ദേഹം ഇടിച്ചത്. ഒരു സ്ത്രീ തന്നെ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. പേരൂർക്കട സ്റ്റേഷനിലും ഈ ഡ്രൈവർക്കെതിരെ ഒരു പരാതിയുണ്ട്. നിരന്തരമായി അയാൾ അപകടകരമായി വാഹനം ഓടിക്കുന്ന ആളാണ്.
സൂപ്പർ ഫാസ്റ്റ് ബസ് സൈഡ് തന്നില്ലെന്നുപറഞ്ഞ് പ്രശ്നമുണ്ടാക്കാൻ ഞങ്ങൾ അത്ര കോമൺ സെൻസില്ലാത്തവരല്ല. രാത്രി ക്ഷമ ചോദിച്ചപ്പോഴും കെ.എസ്. ആർ.ടി.സി ഡ്രൈവറെ താൻ സഹോദരായെന്നാണ് വിളിച്ചത്. ഞങ്ങളാരും അസഭ്യം പറയുന്ന കുടുംബത്തിൽ നിന്നു വന്നതല്ല. ഞങ്ങളാരും അദ്ദേഹത്തിന്റെ അച്ഛനെ വിളിച്ചിട്ടില്ലെന്നും മേയർ പറഞ്ഞു.