റിംഗ് റോഡിൽ കൂടുതൽ കേന്ദ്ര സഹായം സംസ്ഥാനം ആവശ്യപ്പെടും
തിരുവനന്തപുരം: എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിന്റെ സഹകരണം തേടി നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ ചെയർമാൻ സന്തോഷ് യാദവ് ഇന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണുവുമായി ചർച്ച നടത്തും.
ആവശ്യത്തിന് മണ്ണ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ ലഭ്യമാകാത്തതിനാലാണ് ദേശീയപാത നിർമ്മാണം വൈകുന്നതെന്ന് കരാർ കമ്പനികൾ എൻ.എച്ച്.എ.ഐ അധികൃതരെ അറിയിച്ചിരുന്നു. നിർമ്മാണ വസ്തുക്കൾ എത്തിക്കുന്നതിൽ സർക്കാർ നിബന്ധനകളിൽ ഇളവ് നൽകണമെന്നാണ് കരാറുകാരുടെ ആവശ്യം.എൻ.എച്ച്.എ.ഐ അധികൃതർ ഇന്നലെ കരാർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു.
അടുത്ത വർഷം നവംബറോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.2025ൽ പൂർത്തിയാക്കണമെന്ന നിബന്ധനയോടെയാണ് കരാറുകൾ നൽകിയിരുന്നത്.
കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള 23 റീച്ചുകളിൽ ആറ് റീച്ചുകൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ശേഷിക്കുന്ന പതിനേഴ് റീച്ചുകളിലും പണി നടന്നുകൊണ്ടിരിക്കുകയാണ്.
അതേ സമയം റിംഗ് റോഡിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് കൂടുതൽ സഹായം സംസ്ഥാനം തേടും. റിംഗ് റോഡിന്റെ സ്ഥലമേറ്റെടുക്കുന്നതിന്റെ 50% സംസ്ഥാനം വഹിക്കണമെന്ന നിർദേശത്തിൽ ഇളവ് വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ദേശീയപാത നിർമ്മാണത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ 25% ആണ് സംസ്ഥാന സർക്കാർ വഹിക്കുന്നത്. അതേ രീതി റിംഗ് റോഡിന്റെ കാര്യത്തിലും പിന്തുടരണമെന്ന ആവശ്യം ഇന്നത്തെ ചർച്ചയിൽ ചീഫ് സെക്രട്ടറി അറിയിക്കും.