
തിരുവനന്തപുരം : പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം പാർട്ടിക്ക് ദോഷമുണ്ടാക്കിയെന്ന വിമർശന സ്വരം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നതോടെ ഇ.പി ജയരാജൻ വികാരനിർഭരനായി തനിക്കെതിരെ ഇപ്പോൾ പ്രചരിക്കുന്നതു അവാസ്തവങ്ങളായ കാര്യങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു.
തന്നെയും പാർട്ടിയെയും കുരുക്കാൻ ഗൂഢാലോചന നടന്നു.ഇടതുമുന്നണിയെ ആക്രമിക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഏതാനും ദിവസമായി ഉരുണ്ട് കൂടി നിന്ന് വിവാദത്തിൽ തിരഞ്ഞെടുപ്പ് ദിവസം വ്യക്തത വരുത്താനാണ് താൻ ഉദ്ദേശിച്ചത്.ദല്ലാൾ നന്ദകുമാറുമായി തനിക്കു ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ശരിയല്ലെന്നു കണ്ടു നേരത്തേ അവസാനിപ്പിച്ചു.പ്രകാശ് ജാവദേക്കറുമായി തനിക്കു നേരിട്ട് ഒരു ബന്ധവുമില്ല.രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയഇ.പി, നിയമനടപടിക്കും അനുവാദം തേടി. ജയരാജന്റെ വിശദീകരണം മുഖവിലയ്‌ക്കെടുത്ത പാർട്ടി നടപടികളിലേക്ക് കടക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ദല്ലാളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും അവസ്തവങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ് നൽകണമെന്നും ആവശ്യപ്പെട്ടു.
നിലവിലെ വിവാദങ്ങൾ തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്നും, ഇക്കാര്യം പാർട്ടിക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇ.പി.ജയരാജൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ല. താൻ ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിയെടുക്കും .വിവാദങ്ങൾ മാദ്ധ്യമങ്ങളാണ് ഉണ്ടാക്കിയത്. ഇത് ആരോപണങ്ങളല്ല. ഫ്രോഡാണ്. മാദ്ധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നയാളല്ല താൻ. വ്യാജ വാർത്തകളാണു താനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതിൽ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തിൽ മാദ്ധ്യമങ്ങൾ മാറരുതെന്നും ഇ.പി പറഞ്ഞു.
 എൽ.ഡി.എഫിൽ ഉന്നയിക്കും : ബിനോയ്
സി.പിഎമ്മിന്റെ തെറ്റും ശരിയും തീരുമാനിക്കേണ്ടത് അവരാണെന്നും, വിഷയത്തിലുള്ള സി.പി.ഐ നിലപാട് എൽ.ഡി.എഫ് യോഗത്തിൽ ഉന്നയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദല്ലാൾമാരെ അകറ്റി നിറുത്തണമെന്നത് നിർബന്ധമാണ്. ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കമെന്നത് ഇടതുപാർട്ടികളുടെ പൊതു നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
 ജയരാജനുമായിമൂന്ന് കൂടിക്കാഴ്ച : ശോഭ
എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പറഞ്ഞു.താനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയായി പറയുകകയായിരുന്നു ശോഭ.
രാമനിലയത്തിൽ വച്ച് ഒരു തവണ കണ്ടപ്പോൾ മന്ത്രി കെ.രാധാകൃഷ്ണൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം മറ്റെന്തോ ആവശ്യത്തിന് വന്നതാണ്. അദ്ദേഹത്തെ കണ്ട് നമസ്കാരം പറഞ്ഞതിനു ശേഷം മറ്റൊരു മുറിയിൽ വച്ചാണ് ഇ.പി.ജയരാജനും നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയത്. അന്നത്തെ ലോഗ് ബുക്കും സി.സി ടിവി ക്യാമറയും പരിശോധിക്കണം. പിണറായി വിജയനും എം.വി.ഗോവിന്ദനും പാപിയെന്നും കള്ളനെന്നും വിളിക്കുന്ന നന്ദകുമാറിനെ ഇ.പി.ജയരാജൻ തള്ളിപ്പറയാത്തത് എന്തുകൊണ്ടാണ്?.
താൻ എൽ.ഡി.എഫിൽ പോകുമെന്നത് നന്ദകുമാറിന്റെ സ്വപ്നം മാത്രമാണ്. ഗൂഢാലോചനയുടെ ചങ്ങല എവിടെ നിന്ന് തുടങ്ങിയെന്ന് കണ്ടുപിടിക്കാനുള്ള ബന്ധം തനിക്കുണ്ട്. ഇക്കാര്യത്തിൽ ഇ.പി.ജയരാജനും ഗോകുലം ഗോപാലനും റോളുണ്ട്.. ഒരു ഫോൺ കാൾ വന്നതിനു ശേഷമാണ് ജയരാജൻ ബി.ജെ.പിയിൽ ചേരുന്ന തീരുമാനത്തിൽ നിന്നും മാറിയത്. സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തു നിന്നും ബോധപൂർവ്വമായ കരുനീക്കം നടന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. പിന്തിരിഞ്ഞു പോയ ജയരാജൻ വീണ്ടും തന്നെ കാണാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്നും ശോഭ പറഞ്ഞു.