
തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവു ലംഘിച്ച് ദിവസം 100 ഡ്രൈവിംഗ് ടെസ്റ്റുവരെ നടത്തി ലൈസൻസ് നൽകിയ സംസ്ഥാനത്തെ 15 വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് 'പരീക്ഷ' നടത്തി മോട്ടോർ വാഹനവകുപ്പ്. ഒരു ദിവസം നിശ്ചിത സമയത്തിനുള്ളിൽ ഇത്രയധികം ടെസ്റ്റ് നടത്താനാകുമോ എന്നായിരുന്നു പരിശോധിച്ചത്. ഇതിനായി ഇന്നലെ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഇവരെ വിളിച്ചുവരുത്തിയിരുന്നു.
തുടർന്ന് ഇവരെ നിയോഗിച്ച് പതിവ് രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിച്ചു. ഇവരെ നിരീക്ഷിക്കാൻ ക്യാമറ സംവിധാനം ഉൾപ്പെടെ മറ്റു ഉദ്യോഗസ്ഥരെയും നിയോഗിച്ചു. 98 അപേക്ഷകരാണ് ഇന്നലെ ടെസ്റ്റിന് എത്തിയത്. ഇതിൽ 18 പേർ മാത്രമാണ് വിജയിച്ചത്. തുടർന്ന് ഇവർ നേരത്തെ നടത്തിയ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നതടക്കം വിലയിരുത്തിയുള്ള റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.
അതേസമയം, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറയ്ക്കണമെന്ന മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ നിർദ്ദേശം നടപ്പാക്കാൻ വേണ്ടിയാണ് ഈ പരീക്ഷയെന്നാണ് ആക്ഷേപം. ഒരു ഇൻസ്‌പെക്ടർ ദിവസം 60 ഡ്രൈവിംഗ് ടെസ്റ്റിൽ കൂടുതൽ നടത്തരുതെന്നാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ്. ഇതുലംഘിച്ച് കൂടുതൽ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥർക്കു വേണ്ടിയായിരുന്നു പരീക്ഷ. എന്നാൽ, രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് നടത്തുന്നതു കൊണ്ടാണ് ദിവസം നൂറുപേർക്ക് ടെസ്റ്റ് നടത്താനാകുന്നതെന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥർ പറഞ്ഞു.
അപേക്ഷകർ പേടിച്ചു, തോൽവി കൂടി
ഇന്നലെ റോഡ് ടെസ്റ്റിനിടെ വാഹനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ കയറിയതും ക്യാമറയിൽ പകർത്തിയതും മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വാഹനം ഓടിക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെ പേടിച്ചതുമൂലമാണ് സ്ത്രീകളടക്കം പലരും തോറ്റതെന്നാണ് ആക്ഷേപം. 'എച്ച്' ടെസ്റ്റിൽ വിജയിച്ചെങ്കിലും റോഡ് ടെസ്റ്റിലാണ് പലരും പരാജയപ്പെട്ടത്. ടെസ്റ്റിൽ പരാജയപ്പെട്ടവരും ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും സ്ഥലത്ത് പ്രതിഷേധിച്ചു. രാവിലെ എട്ടിന് തുടങ്ങിയ ടെസ്റ്റ് വൈകിട്ട് നാലിനാണ് പൂർത്തിയായത്.