തിരുവനന്തപുരം: ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ നാലു വയസുകാരന്റെ ദേഹത്ത് അയൽവാസി മലിനജലം ഒഴിച്ചതായി പരാതി. കല്ലിയൂർ പഞ്ചായത്തിലെ കാക്കാമൂല വാറുവിള വീട്ടിൽ പ്രദീപ് - സൂര്യ ദമ്പതികളുടെ മകനായ മിഖായേലിന്റെ ദേഹത്താണ് അയൽവാസിയായ വാറുവിള വീട്ടിൽ ഷാജി ചാണകവെള്ളവും മീൻവെള്ളവും ഒഴിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. മിഖായേൽ ഹാളിലിരുന്ന് ചോറ് കഴിക്കുന്നതിനിടെ ഒരു പ്രകോപനവുമില്ലാതെ ഷാജി മലിനജലം ഒഴിക്കുകയായിരുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇരുവീടും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസമേയുള്ളൂ. മതിലിന് അപ്പുറത്തുനിന്നാണ് ഷാജി വെള്ളമൊഴിച്ചത്. പ്രദീപിന്റെ സഹോദരിയുടെ ആറു വയസുള്ള മകളുടെ ദേഹത്തും മലിനജലം വീണു. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ കല്ലിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാതാപിതാക്കൾ നേമം പൊലീസിൽ പരാതി നൽകി. ഇരു കൂട്ടരോടും ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംഭവത്തിന് ശേഷം ഷാജി ഒളിവിൽ പോയി. ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.