ശ്രീകാര്യം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ശ്രീനാരായണ കൺവെൻഷൻ ഇന്നുമുതൽ മേയ് 2 വരെ നടക്കും. ഇന്ന് രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ധർമ്മപതാക ഉയർത്തും. 10ന് കൺവെൻഷൻ ഉദ്ഘാടനം കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മ നിർവഹിക്കും.

കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ 'ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കൗൺസിലർ ചെമ്പഴന്തി ഉദയൻ, എസ്.എൻ.ഡി.പി യോഗം ഡോ. പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് പി. ഉപേന്ദ്രൻ കോൺട്രാക്ടർ, ഗുരുധർമ്മ പ്രചാരണ സഭ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.ആർ.വിജയകുമാർ എന്നിവർ സംസാരിക്കും. ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ കുറിച്ചി സദൻ പ്രഭാഷണം നടത്തും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഷൈജു പവിത്രൻ നന്ദിയും പറയും. ഉച്ചയ്ക്ക് 2 ന് ഡോ. എം.എ. സിദ്ദിഖ് 'ആത്മോപദേശ ശതകത്തിലെ മതമീമാംസ" എന്ന വിഷയത്തെക്കുറിച്ചും 4 ന് സ്വാമി അഭയാനന്ദ 'ദൈവദശക"ത്തെക്കുറിച്ചും പ്രഭാഷണം നടത്തും.

നാളെ രാവിലെ 9.30 ന് ഡോ. എം.എം. ബഷീർ 'ഗുരുദേവൻ ആധുനിക കേരളത്തിന്റെ അദൃശ്യ ചൈതന്യം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 11ന് 'പ്രാർത്ഥനയുടെ ഭാവി" എന്ന വിഷയത്തിലെ സെമിനാറിൽ സ്വാമി സൂക്ഷ്മാനന്ദ മോഡറേറ്ററായിരിക്കും. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എൻസൈക്ലോപീഡിയ ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ സലിൻ മാങ്കുഴി, ശിവഗിരി മാസിക എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 2 ന് കാലടി സംസ്കൃത സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫ. ഡോ. അജയ് ശേഖർ "അനുകമ്പാദശകം" ആസ്പദമാക്കി പഠനക്ലാസും 4 ന് ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി 'ശ്രീനാരായണഗുരുദേവന്റെ നർമോക്‌തികൾ" എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തും.

മേയ് 2ന് രാവിലെ 9.30 ന് ഷീല സാബു കൂത്താട്ടുകുളം 'പിണ്ഡനന്ദി " എന്ന ഗുരുദേവ കൃതിയെ ആസ്പദമാക്കി പഠനക്ലാസ് നടത്തും. 'നിർമ്മിതബുദ്ധി സർഗാത്മകതയെ ബാധിക്കുമോ?" എന്ന വിഷയത്തിൽ 11ന് നടത്തുന്ന സെമിനാറിൽ ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മോഡറേറ്ററായിരിക്കും. സി.ഡിറ്റ് മുൻ ഡയറക്ടർ ഡോ. അച്യുത് ശങ്കർ എസ്. നായർ, സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് സീനിയർ ഡയറക്ടർ ഡോ. രാജശ്രീ, മുസ്തഫ മൗലവി, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 2 ന് ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദ തീർത്ഥ 'ശിവപ്രസാദപഞ്ചകം" എന്ന ഗുരു കൃതിയെ ആസ്പദമാക്കി ക്ലാസെടുക്കും . വൈകിട്ട് 4 ന് സമാപന സമ്മേളനം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്. ശിശുപാലൻ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് ഡോ. കെ. സുശീല, ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര സമിതി അംഗം കെ.എസ്. മനോഹരൻ തുടങ്ങിയവർ സംസാരിക്കും. കനകക്കുന്ന് ശ്രീനാരായണ വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ സ്വാഗതവും ചെമ്പഴന്തി ഗുരുകുലത്തിലെ സ്വാമി അഭയാനന്ദ നന്ദിയും പറയും.