cc

ഹൈദരാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ച് സി.പി.എം. നിലവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഒരു സീറ്റൊഴികെ ബാക്കി 16സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ സി.പി.എം പിന്തുണയ്ക്കും. സി.പി.എം മത്സരിക്കുന്ന ഭോംഗിർ മണ്ഡലത്തിൽ തീരുമാനമായിട്ടില്ല. മുഹമ്മദ് ജഹാംഗീർ ആണ് ഇവിടെ സ്ഥാനാർത്ഥി.

തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുമായി സി.പി.എം നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിന്റെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കളുടെ സംഘം ഇന്നലെയാണ് രേവന്തുമായി കൂടിക്കാഴ്ച നടത്തിയത്.

സി.പി.എം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഭോംഗിർ മണ്ഡലത്തിലെ മത്സരത്തിൽ നിന്ന് പിൻമാറണമെന്നും എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തുണയ്ക്കണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടതായും തമ്മിനേനി വീരഭദ്രം പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്നും വീരഭദ്രം പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാനായില്ല. സി.പി.ഐ കോൺഗ്രസ് മുന്നണിക്കൊപ്പമാണ് മത്സരിച്ചത്. മത്സരിച്ച ഒരു സീറ്റിൽ വിജയിച്ചു.