തിരുവനന്തപുരം: ജില്ലയിൽ ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് അറുതിയില്ല. ഒരാഴ്ചയ്ക്കിടെ 1.24 കോടിയാണ് ഇത്തരത്തിൽ പലർക്കായി നഷ്ടമായത്.രണ്ട് വീട്ടമ്മമാരിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.വിദേശത്തേക്കു മയക്കുമരുന്ന് പാഴ്‌സൽ അയച്ചതിന്റെ പേരിൽ കേസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സി.ബി.ഐയുടെ പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ദിവസം മുക്കോല മടത്തുനട സ്വദേശിനിക്ക് 21.56 ലക്ഷവും കുമാരപുരം സ്വദേശിനിയായ യുവതിക്ക് 6.60 ലക്ഷവുമാണ് നഷ്ടമായത്. തങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബയിൽനിന്ന് തായ്‌ലൻഡിലേക്കു മയക്കുമരുന്ന് പാഴ്‌സൽ അയയ്ക്കാനായി എത്തിയിട്ടുണ്ടെന്നുപറഞ്ഞ് പാഴ്‌സൽ കമ്പനിയുടെ പേരിലാണ് ആദ്യം ഫോൺ വന്നത്. പിന്നീട് മുംബയ് പൊലീസിൽ നിന്നാണെന്ന വ്യാജേന വാട്‌സാപ്പ് കാൾ വഴി ഭീഷണിപ്പെടുത്തുകയും ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ നിരവധി ഫോണുകൾ വരികയും ചെയ്തു. പിന്നീട് സി.ബി.ഐയിൽ നിന്നാണെന്ന വ്യാജ കത്ത് അയയ്ക്കുകയും വെരിഫിക്കേഷനു വേണ്ടി അക്കൗണ്ടിൽനിന്ന് പണമയയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. സംഭവം മറ്റാരെയും അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തി സ്ത്രീകളെ മാനസിക സമ്മർദ്ദത്തിലാക്കിയ ശേഷമാണ് തട്ടിപ്പ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.പണം നഷ്ടമാവാത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തു.പണം തട്ടുന്നതിനായി തട്ടിപ്പുകാർ ദിനംപ്രതി പുതിയ വഴികളുമായാണ് ഇറങ്ങുന്നതെന്നും ജാഗ്രത വേണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പണം ആവശ്യപ്പെട്ട് ആരെങ്കിലും സമീപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഉടൻ വിവരം പൊലീസിനെ അറിയിക്കണം.അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ ഹെൽപ് ലൈൻ നമ്പറായ 1930ൽ അറിയിക്കണം.