തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനൊരുങ്ങി വിഴിഞ്ഞം. വിദേശ ഷിപ്പിംഗ് കമ്പനികൾക്കു പോലും വിഴിഞ്ഞം കേന്ദ്രമായി പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. നിലവിൽ, ഇന്ത്യയുടെ ട്രാൻസ്ഷിപ്പ് ചരക്കിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യയ്ക്ക് പുറത്തുള്ള തുറമുഖങ്ങളിലാണ്. കൊളംബോ, സിംഗപ്പൂർ, മലേഷ്യയിലെ ക്ലാങ് എന്നിവ ഈ ചരക്കിന്റെ 85 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നു, അതിൽ പകുതിയിലേറെയും കൊളംബോ തുറമുഖത്താണ് കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കത്തിന്റെ ചുക്കാൻ ഇവിടെയാകും.

ട്രയൽ റൺ ഉടൻ

തുറമുഖത്ത് ചരക്ക് കയറ്റിറക്കിന്റെ ട്രയൽ റൺ ഉടൻ നടക്കും. ബാർജിൽ കണ്ടെയ്‌നറുകൾ കയറ്റുന്നതും ഇറക്കുന്നതുമാണ് പരീക്ഷിച്ച് ഉറപ്പാക്കുക. ഇതിനായുള്ള 26 ക്രെയിനുകൾ ചൈനയിൽ നിന്നെത്തിച്ചു. 20 യാർഡ് ക്രെയിനുകളും ആറ് ഷിപ്പ് ടു ഷോർ ക്രെയിനുകളും. ഇതിനുപുറമേ ആറ് ക്രെയിനുകൾകൂടി ചൈനയിൽ നിന്നെത്തിക്കും. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണം 2028ൽ പൂർത്തിയാകും.