
ഉപ്പില്ലാത്ത കറിയില്ല, ചുക്കു ചേരാത്ത കഷായവുമില്ല -കാലങ്ങളായി പറഞ്ഞു പതിഞ്ഞ ചൊല്ല് ഇതാണ്. കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറേ നാളായി ഇതിന് സമാനമായ ഒരു സാന്നിദ്ധ്യമുണ്ട്. പക്ഷെ ഉപ്പാണോ ചുക്കാണോ എന്നത് നാം തന്നെ വിലയിരുത്തണം. അസാധാരണമായ മെയ് വഴക്കമുള്ള ഒരു വ്യക്തിയാണെന്നത് പ്രധാന ക്ളൂ. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ അംഗത്വമോ സ്ഥാനമാനങ്ങളോ ഇല്ല, പക്ഷെ മുഖ്യ സൗഹൃദങ്ങൾ രാഷ്ട്രീയത്തിലാണ്. പുറമെ അറിയപ്പെടുന്ന എന്തെങ്കിലും വ്യവസായങ്ങളുണ്ടോ, ഇല്ല. പക്ഷെ നല്ല കച്ചവടക്കാരനാണ്. കാർഷിക മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ടോ, ഇല്ല, പക്ഷെ ഏതു മണ്ണിലും കൃഷിയിറക്കാനും അതിനനുസരിച്ച് ലാഭമുണ്ടാക്കാനുമറിയാം. കലാ, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തനമുണ്ടോ, ഇല്ല, പക്ഷെ നല്ല ഉത്സവ നടത്തിപ്പുകാരനാണ്. ജനനം ഏഷ്യയിലാണോ. അത്രവരെ പോകേണ്ട, കൊച്ചു കേരളത്തിൽ വള്ളംകളിയുടെ നാട്ടിൽ നിന്നാണ് വരവ്. ജി.എസ് പ്രദീപിന്റെ അശ്വമേധത്തിലേതു പോലുള്ള ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞും അങ്ങനങ്ങു പോകേണ്ട വ്യക്തിയല്ല. സ്വഭാവം വച്ചു നോക്കുമ്പോൾ ആള് 'കുമ്പിടി'യാണ്. ഒരേ സമയം കൊച്ചിയിലും ഡൽഹിയിലും തിരുവനന്തപുരത്തും മഹാരാഷ്ട്രയിലുമെല്ലാം കാണാം. ഇനിയും ആളെ പിടികിട്ടിയില്ലെങ്കിൽ നന്ദകുമാര ഹരേഹരേ എന്ന ഭക്തിഗാനം പാടി സുല്ലിടുക.
പുന്നപ്ര വയലാറിന്റെ വീരപുത്രൻ മുതൽ കമ്യൂണിസ്റ്റ് ചിറ്റപ്പൻ വരെയുള്ളവരുമായി നല്ല ബന്ധം. കേരളത്തിന്റെ ഝാൻസിറാണിയുടെ ശോഭയും വടക്കേ ഇന്ത്യയിലെ ആദ്ധ്യാത്മിക വര്യന്മാരുടെ തേജസും എല്ലാം ഇദ്ദേഹത്തിന് പരിചിതം. ദേവലോകത്തു ചെന്നുകയറിയാൽപ്പോലും സമാന്യം തരക്കേടില്ലാത്ത ലക്ഷണമൊത്ത കുത്തിതിരിപ്പുണ്ടാക്കാൻ അസാധാരണ വൈഭവമാണ്. രാഷ്ട്രീയത്തിൽ ചില പ്രതിസന്ധികൾ ഉടലെടുക്കുമ്പോഴോ, അസ്വാരസ്യം അനിവാര്യമാവുമ്പോഴോ, ശത്രുസംഹാര ആവശ്യങ്ങൾക്കോ ഏതു നട്ടപ്പാതിരായ്ക്കും ആശ്രയിക്കാവുന്ന ഒന്നാം തരം പിടിവള്ളി. തത്കാലം അദ്ദേഹത്തെ നമുക്ക് 'അഭിനവ ചാണക്യൻ 'എന്ന് വിശേഷിപ്പിക്കാം. ലൈഫ് ബോയ് സോപ്പിന്റെ പഴയ പരസ്യം പോലെയാണ് 'അചാ'യും. എവിടെ അചാ എത്തുന്നോ അവിടെ കുത്തിത്തിരിപ്പുണ്ട്. ഈ സ്വഭാവ സിദ്ധിയുള്ളതിനാൽ രാഷ്ട്രീയത്തിലെ കുതികാൽ വെട്ടു വിദഗ്ദ്ധന്മാർക്ക് ഇദ്ദേഹം പ്രിയപ്പെട്ടവനുമാണ്. പുന്നപ്രവയലാറിന്റെ വീരനായകൻ കേരളത്തെ നയിച്ചുകൊണ്ടിരിക്കുമ്പോൾ അചായുടെ വരുത്തുപോക്കുണ്ടായി, ഫലമോ കേരളത്തിന്റെ സുപ്രധാനമായ പലവിവരങ്ങളും റിലയൻസ് മുതലാളിയുടെ കക്ഷത്തിലുമായി. പക്ഷെ അക്കാര്യത്തിൽ ഇരട്ടച്ചങ്ക് വീരൻ വേറിട്ട നിലപാടെടുത്തു. അചായെ കിട്ടുന്ന സന്ദർഭത്തിലെല്ലാം ആക്ഷേപിച്ചു കൊണ്ടിരുന്നു. കോർപ്പറേറ്റുകളുടെ ഇടപാടുകൾക്ക് വേണ്ടി ഇടനിലക്കാരനാവുക, ന്യായാധിപന്മാരെ സ്വാധീനിക്കാൻ ശ്രമിക്കുക, രാഷ്ട്രീയക്കാർക്ക് രഹസ്യ ഇടപാടുകൾക്ക് വേണ്ട ഒത്താശ ചെയ്യുക തുടങ്ങി അല്ലറ ചില്ലറ പണികളെടുത്തു ജീവിക്കുകയാണ് അചാ ഇപ്പോൾ.
കമ്യൂണിസ്റ്ര് ചിറ്റപ്പനുമായി അചാ നടത്തിയ ചില്ലറ ഇടപാടുകളാണ് ഇപ്പോൾ വലിയ വിവാദമായിട്ടുള്ളത്. സമാന്യം വലിയ തടിയും ശൂലത്തുമ്പ് തിരിച്ചുപിടിച്ച പോലുള്ളമീശയും വായ് തുറന്നാൽ അനർഗ്ഗളം ബഹിർഗ്ഗമിക്കുന്ന വങ്കത്തങ്ങളുമൊക്കെയുള്ള ചിറ്റപ്പന്, ഒരു സുപ്രഭാതത്തിൽ വല്ലാത്തൊരു പൂതി. തന്റെ നിലപാട്തറ ഒന്നു മാറ്റണമെന്ന്. ഇപ്പോൾ നിൽക്കുന്നിടത്ത് വേണ്ടത്ര ഗരിമ കിട്ടുന്നില്ല, താൻ മാവിൽ കയറി തുടങ്ങുമ്പോൾ മാങ്ങാപിഞ്ച് പോലും കണ്ടിട്ടില്ലാത്ത പിള്ളേർസെറ്റിനെ വലിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നു. ചിറ്റപ്പന് സഹിക്കുമോ ഇതൊക്കെ. അങ്ങനെയാണ് ഏഷ്യയിലെ ഏറ്റവും വലിയ നിലപാട് തറയുള്ള പാർട്ടിയുടെ അകത്തളത്തിലേക്ക് വലത് കാൽ വയ്ക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്. ചിറ്റപ്പൻ മനസിൽ കണ്ടത് അചാ മാനത്തു കണ്ടു. ഉടൻ പാഞ്ഞെത്തി സന്ധിസംഭാഷണങ്ങളും തുടങ്ങി. കേരള ഝാൻസിയുടെ തിരുസ്വരൂപത്തെ സാക്ഷി നിർത്തിയായിരുന്നു ചർച്ച.
ഒരിക്കൽ ചിറ്റപ്പൻ തന്റെ മകന്റെ വീട്ടിൽ, പേരക്കുട്ടിയുടെ പിറന്നാൽ ദിനത്തിൽ സേമിയാപായസം രുചിച്ച്, കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആലോചിച്ച് പടിഞ്ഞാറൻ കാറ്റിന്റെ തണുപ്പിൽ വിശ്രമിക്കുമ്പോഴാണ് അചായും കോട്ടും സ്യൂട്ടും കഴുത്തിലെ ചുറ്റിക്കെട്ടുമുള്ള ഒരാളും എത്തുന്നത്. അവർ എന്തിന് വന്നെന്നോ, ആരെന്നോ ഒന്നും നോക്കിയില്ല, മകനോട് ചിറ്റപ്പൻ പറഞ്ഞു, അതിഥികൾക്കും പായസം കൊടുക്കാൻ. പാവം പായസം തൊണ്ടതൊടാതെ വിഴുങ്ങിക്കൊണ്ടിരുന്ന അചായോടും കൂടെ വന്ന സ്യൂട്ടിട്ട കൂട്ടുകാരനോടും ബൈ ബൈ പറഞ്ഞ് ചിറ്റപ്പൻ സ്ഥലം വിട്ടു. ഇതൊരു ഫ്ളാഷ് ബാക്ക് മാത്രമാണ്.
ഈ സംഭവമാണ് ഇപ്പോൾ ചിറ്റപ്പനെതിരെ കൊട്ടിഘോഷിച്ചു കൊണ്ടുവന്നത്. കേരള ഝാൻസിയാണ് മഹാ സംഭവമായി പൊതുമദ്ധ്യത്തിൽ ഇക്കാര്യം വിളംബിയത്. കൂടിരുന്ന് കൂകിയിട്ട് ഒച്ച തന്റേതല്ലെന്ന ന്യായം പറയുന്നവരുടെ കാലമാണല്ലോ. ഇതുവരെ ഒപ്പം നിന്ന അചായും കേരള ഝാൻസിക്കൊപ്പം കൂടി. എല്ലാരും കൂടി ചിറ്റപ്പനെ വലിച്ചുകൂറി ഒട്ടിക്കും എന്ന് പലരും സ്വപ്നം കണ്ടു. ചിറ്റപ്പൻ കിടന്ന ആട്ടുകട്ടിലിൽ ,'എന്ത് ,സുഖമാണീ രാവ് ' എന്ന പാട്ടു മൂളി സ്വൈര്യമായി ഉറങ്ങുന്നത് ചില തത്പര കക്ഷികൾ ഭാവനയിൽ കണ്ടു. കറുത്തവാവ് നോക്കി ഇല്ലാത്ത പത്തി ഉണ്ടെന്ന് കാട്ടാൻ വെറുതെ ആടിത്തിമിർക്കുന്ന നീർക്കോലികൾ സജീവമായി രംഗത്തു വന്നു. പക്ഷെ ഇതെല്ലാം വെറും ഭാവനകൾ മാത്രമായി. ചിറ്റപ്പനെ, തട്ടിക്കൂട്ടിയെടുത്ത ഒരു അഗ്നികുണ്ഡത്തിൽ ശുദ്ധിവരുത്തിയെടുക്കാൻ ഇരട്ടചങ്ക് ബ്രോയും താന്ത്രിക ശിഷ്യരും തീരുമാനിച്ചു. അങ്ങനെ കളങ്കരഹിതനായി ചിറ്രപ്പൻ വീണ്ടും ഇൻഡിഗോ ചിറകുകളില്ലാതെ പറന്നിറങ്ങി. മനുഷ്യനല്ലെ. ചില പിഴവുകൾ വരില്ലെ, തിരുത്തി പോവുകയല്ലെ ബുദ്ധി എന്നെല്ലാം ചിറ്റപ്പൻ ചിന്തിച്ചു. കാര്യം ശരിയുമാണ്. അതോടെ എല്ലാം 'കോംപ്ളിമെന്റായി'.
ഇവിടെയാണ് ഒരു സംശയം, കമ്യൂണിസ്റ്ര് ചിറ്രപ്പന് ബന്ധങ്ങളെവിടെയെല്ലാമാണ്, സ്വന്തക്കാർ ആരോക്കെയാണ്.മേലിലും അചാമാരുടെ പോക്കുവരവ് ഉണ്ടാവുമോ. അന്നും ഇത്തരത്തിൽ രക്ഷിക്കാനാളുണ്ടാവുമോ.
ഇതുകൂടി കേൾക്കണേ
കൊല്ലാനും ചാകാനും തലയിൽ തോർത്തും ചുറ്റി ഇറങ്ങിത്തിരിച്ചിരുന്ന, കൂറ് സ്വന്തം പ്രസ്ഥാനത്തോടു മാത്രമായിരുന്ന ഒരു പറ്റം മനുഷ്യർ ഇവിടെയുണ്ടായിരുന്നു. അവർ വിളിച്ച മുദ്രാവാക്യങ്ങളും അവർ കിടന്ന ജയിലറകളും അവർ സഹിച്ച ത്യാഗങ്ങളും പ്രസ്ഥാനങ്ങൾക്ക് ഉണ്ടാക്കിയ വളക്കൂറ് ചില്ലറയല്ല. അതിന്റെ സത്ത ആകെ ഊറ്റിയെടുത്ത് സ്വയം കൊഴുത്ത് അലക്കിത്തേച്ച് പഴയ തമ്പ്രാന്മാർ ആകാൻ ശ്രമിക്കുന്നവർ ഓർക്കണം, ചവുട്ടി നിൽക്കുന്ന മണ്ണിന്റെ പശപ്പ് എവിടെ കിട്ടിയെന്ന്.