തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറുമായി റോഡിലുണ്ടായ തർക്കത്തെച്ചൊല്ലി കോർപ്പറേഷൻ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. ഒടുവിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് കൗൺസിൽ യോഗം ബഹിഷ്‌കരിച്ചു.
മേയർ സീറ്റിലെത്തിയ ഉടനെ ബി.ജെ.പി കൗൺസിലർ തിരുമല അനിലാണ് ഈ വിഷയം ഉന്നയിച്ചത്. അനിൽ സംസാരിച്ച് തുടങ്ങിയപ്പോൾത്തന്നെ സി.പി.എം കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേറ്റതോടെ ബി.ജെ.പി കൗൺസിലർമാർ അനിലിന് പ്രതിരോധം തീർത്തു. ബഹളത്തിനിടെ പലപ്പോഴും അനിലിന് സംസാരിക്കാനായില്ല. തർക്കത്തിനിടെ,മേയറോട് മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും ഡ്രൈവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് കക്ഷി നേതാവ് ഡി.ആർ.അനിൽ പ്രമേയം അവതരിപ്പിച്ചു.
മേയറുടെ നടപടി നഗരവാസികൾക്ക് അപമാനമുണ്ടാക്കിയെന്നും മാപ്പ് പറയണമെന്നും തിരുമല അനിൽ ആവശ്യപ്പെട്ടു. അനിൽ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്‌തതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. അല്പനേരത്തിനു ശേഷം ബി.ജെ.പി അംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോയി. തുടർന്ന് സംസാരിച്ച യു.ഡി.എഫ് കക്ഷി നേതാവ് പി.പദ്മകുമാറും ജോൺസൺ ജോസഫും മേയറെ വിമർശിച്ചു.
സി.പി.എം അംഗം അംശുവാമദേവൻ ഡ്രൈവർ യദുവിനെതിരെ 2017ൽ പൊലീസെടുത്ത കേസിലെ എഫ്.ഐ.ആർ കൗൺസിലിൽ വായിച്ചു. മേയർക്കെതിരെ മോശം പെരുമാറ്റമുണ്ടായപ്പോൾ യു.ഡി.എഫും ബി.ജെ.പിയും പ്രതിക്കൊപ്പം നിൽക്കുകയാണെന്ന് അംശു ആരോപിച്ചു.
എഫ്.ഐ.ആറിലെ അശ്ലീല പരാമർശങ്ങൾ കൗൺസിലിൽ വായിച്ചത് സഭയ്‌ക്ക് ചേരുന്നതല്ലെന്നും ഇതിന് മേയർ അനുമതി നൽകിയത് നാണക്കേടാണെന്നും കോൺഗ്രസ് കൗൺസിലർ മേരി പുഷ്പം പറഞ്ഞു. മേയറുടെ ഭർത്താവ് യാത്രക്കാരെ ബസിൽ നിന്നിറക്കി വിട്ടത് തെറ്റായിപ്പോയെന്നും അവർ പറഞ്ഞു.
എന്നാൽ യാത്രക്കാരെ ഇറക്കിവിട്ടതിന് തെളിവുണ്ടോ എന്നായിരുന്നു മേയറുടെ മറുചോദ്യം. മേരി പുഷ്‌പത്തിന്റെ പ്രസംഗം ഡെപ്യൂട്ടി മേയർ പി.കെ.രാജു തടസപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫും കൗൺസിൽ ബഹിഷ്‌കരിച്ചു.