
വക്കം: കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും യാതൊരു നടപടികളുമെടുക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സി.പി.എം വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വക്കം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കുടിവെള്ള ക്ഷാമം മുൻകൂട്ടി കണ്ട് ഏകദേശം ഒരു മാസം മുമ്പ് സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങളിൽ വെള്ളമെത്തിക്കാനുള്ള നിർദ്ദേശവും അനുമതിയും നൽകിയിരുന്നു. എന്നാൽ നാളിതുവരെയും ഭരണസമിതി ഒരു തീരുമാനവും എടുക്കാതെ അനാസ്ഥ തുടരുകയായിരുന്നു. ഇതിനെ തുടർന്നാണ് സി.പി.എം ഉപരോധ സമരം സംഘടിപ്പിച്ചത്. കുടിവെള്ളം കൃത്യമായി യഥാസ്ഥലങ്ങളിൽ എത്തിക്കാമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളായ അജിത,നൗഷാദ്,ജയ,ലോക്കൽ കമ്മിറ്റിയംഗങ്ങളായ സുനിൽ കുമാർ,പ്രകാശ്,റസ്സൽ,പ്രശോഭന,സതീശൻ,ന്യൂട്ടൺ അക്ബർ തുടങ്ങിയവർ പങ്കെടുത്തു.