തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ബസ് തടയുകയും ഡ്രൈവറെ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യിക്കുകയും ചെയ്‌ത സംഭവത്തിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. 'ഓവർ ടേക്കിംഗ് നിരോധിത മേഖല ' എന്ന ബോർഡ് നഗരസഭയുടെ മുന്നിൽ സ്ഥാപിച്ച് പ്രതീകാത്മകമായാണ് പ്രതിഷേധിച്ചത്.

അതുവഴി കടന്നുപോയ കെ.എസ്.ആർ.ടി.സി ബസുകളിൽ 'മേയറുണ്ട് സൂക്ഷിക്കുക' എന്ന പോസ്റ്ററും പ്രതിഷേധക്കാർ ഒട്ടിച്ചു. ഇന്നലെ രാവിലെ കോർപ്പറേഷന്റെ പ്രധാന കവാടത്തിന് മുന്നിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്‌തു. തുടർന്നാണ് കവാടത്തിന് മുന്നിൽ ബോർഡ് സ്ഥാപിച്ചത്. ബസുകളിൽ പോസ്റ്റർ പതിച്ചതിന് പുറമേ ഡ്രൈവർമാർക്ക് പ്രതീകാത്മക ബോധവത്കരണ ക്ലാസും നടത്തി. 'ജോലി പോകാതിരിക്കാൻ ചില മുൻകരുതലുകൾ' എന്ന ആമുഖത്തോടെ ' മേയർ ഉള്ള സ്ഥലമാണ്,​ അതുകൊണ്ട് ഓവർടേക്കിംഗ് പാടില്ല... എന്നിങ്ങനെയായിരുന്നു തമാശരൂപത്തിലുള്ള ഉപദേശം.

യാത്രക്കാരെ വഴി തടയുകയും ഡ്രൈവറുടെ മേൽ കുതിരകയറുകയും ചെയ്യുന്ന മേയർ,സ്ത്രീ സംരക്ഷണ നിയമങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്ന് നേമം ഷജീർ പറഞ്ഞു. ഡ്രൈവർ നൽകിയ പരാതിയിൽ കേസെടുക്കാത്തത് പൊലീസിന്റെ ഇരട്ടത്താപ്പാണെന്നും അന്യായമായി ഡ്രൈവറെ മാറ്റി നിറുത്തിയ നടപടി പിൻവലിക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഋഷി എസ്.കൃഷ്ണൻ,രജിത് രവീന്ദ്രൻ,ആർ.എസ്.വിപിൻ,കെ.എഫ്.ഫെബിൻ,ജില്ലാ വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം,രേഷ്മ ജി.എസ്,അജീഷ് നാഥ്,അച്ചു അജയ്‌ഘോഷ്,ബാഹുൽ കൃഷ്ണ,അസംബ്ലി പ്രസിഡന്റുമാരായ രഞ്ജിത് അമ്പലമുക്ക്,വിവേക് .വി.എസ് തുടങ്ങിയവർ നേതൃത്വം നൽകി.