anil

ഉള്ളൂർ: സ്‌കാനിംഗിന് ലഭിച്ച തീയതി വൈകിയെന്ന് ആരോപിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരി ജയകുമാരിയെ (52) തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബ്ലഡ് ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എം.ആർ.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയാണ് ജയ. ആക്രമണം നടത്തിയ പൂവാർ പുല്ലുവിള ടി.പി വിളാകത്തിൽ അനിലിനെ (34) മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : ' മൂന്നുദിവസം മുമ്പാണ് അനിൽ വലത് കൈപ്പത്തിയിലെ മുഴയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളേജിലെത്തിയത്. ഡോക്ടർ എം.ആർ.ഐ പരിശോധന നടത്താനായി കുറിപ്പ് നൽകി. പരിശോധനാഫലവുമായി ഒ.പിയിൽ തുടർചികിത്സയ്ക്കെത്താനും നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായാണ് ഇന്നലെ ഉച്ചയ്‌ക്ക് 12ന് അനിൽ എം.ആർ.ഐ സ്‌കാനിംഗ് വിഭാഗത്തിൽ ഡേറ്റ് എടുക്കാനെത്തിയത്. എന്നാൽ ജൂണിന് ശേഷമുള്ള ഡേറ്റാണ് ഇയാൾക്ക് ലഭിച്ചത്. എമർജൻസിയാണെന്ന് ഡോക്ടർ കുറിച്ചു നൽകിയില്ലെങ്കിൽ ഡേറ്റ് വൈകുമെന്ന് കൗണ്ടറിലിരുന്ന ജയ അറിയിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ജീവനക്കാരി ഇരുന്ന കൗണ്ടറിലെ തിരക്ക് ഒഴിയുന്നതുവരെ പുറത്ത് കാത്തുനിൽക്കുകയും തുടർന്ന് മുറിയിൽ അതിക്രമിച്ച് കയറി ജീവനക്കാരിയുമായി തർക്കിക്കുകയും ചെയ്‌തു.

ഇവിടെ പ്രവേശനമില്ലെന്നും മുറിക്ക് പുറത്തിറങ്ങണമെന്നും ജീവനക്കാർ അറിയിച്ചെങ്കിലും ഇയാൾ അനുസരിച്ചില്ല. വാക്കുതർക്കത്തിനിടെ അപ്രതീക്ഷിതമായി ഇയാൾ വലതുകൈ ഉപയോഗിച്ച് ജയകുമാരിയുടെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയേറ്റ് മുഖത്തെ പേശികൾക്കും പല്ലിനും സാരമായി പരിക്കേറ്റ ജയകുമാരി മുറിക്കുള്ളിൽ തലകറങ്ങി വീണു. അക്രമി കൈവിരലിൽ ധരിച്ചിരുന്ന സ്റ്റീൽ മോതിരം മുഖത്തുകൊണ്ടിരുന്നു. വിവരമറിഞ്ഞെത്തിയ സുരക്ഷാജീവനക്കാർ അക്രമിയെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി.

മറ്റ് അസുഖങ്ങൾ അലട്ടിയിരുന്ന ജീവനക്കാരിയെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നൽകിയ ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


കണ്ണിൽ ഇരുട്ടുകയറി


എമർജൻസി അല്ലാത്തതിനാൽ ഡേറ്റ് വൈകുമെന്ന് അറിയിച്ചപ്പോൾ പ്രതി അസഭ്യം പറഞ്ഞതായി ജയകുമാരി പറയുന്നു. പുറത്ത് കാത്തുനിൽക്കാൻ പറഞ്ഞപ്പോൾ 'നീ എന്താടി പറയുന്നത്..' എന്ന് ആക്രോശിച്ച് പ്രതി ജയയെ പിടിച്ചുതള്ളി. അടിയുടെ ആഘാതത്തിൽ പെട്ടെന്ന് കണ്ണിൽ ഇരുട്ട് കയറി,ബോധം നഷ്ടപ്പെട്ടു. ഡേറ്റിനെച്ചൊല്ലി രോഗികൾ പ്രതിഷേധിക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു.