ആറ്റിങ്ങൽ: ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കാൻ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ പരിപൂർണ ജാഗ്രത ആവശ്യമാണ്.

 അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതാണ് ഉഷ്ണതരംഗം

എന്തെല്ലാം ശ്രദ്ധിക്കണം

ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. യാത്രാവേളയിൽ കുടിക്കാനുള്ള വെള്ളം കൂടെ കരുതുക. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ ഈ സമയം പരമാവധി പുറത്തിറങ്ങാതെ ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവർ കഴിയുന്നതും നേരിട്ട് വെയിലേൽക്കാതിരിക്കുക. നിർജലീകരണമുണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധമാർഗം. ഏതെങ്കിലുംവിധ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അടിയന്തര ചികിത്സ തേടണം. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാം.

ആരോഗ്യവും

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയങ്ങളിൽ ഒഴിവാക്കുക. വിവിധ രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയുള്ളതിനാൽ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമെങ്കിൽ നല്ലത്. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.

സൂര്യാഘാതം ഏറ്റാൽ

വെയിലുള്ള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.