
ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദർശനവും പ്രചരിപ്പിക്കുന്നതിൽ ക്രിസ്തുദേവന്റെ അപ്പോസ്തലന്മാരെപ്പോലെ വർത്തിച്ച മഹാപുരുഷനാണ് ശ്രീനാരായണതീർത്ഥരെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. തീർത്ഥർ സ്വാമികളുടെ സമാധിദിനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദദേഹം..
ശിവഗിരി മഠത്തിന്റെ സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു സ്വാമി. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഡയറക്ടറായും, വിവിധ യൂണിയനുകളുടേയും ശാഖകളുടേയും പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജനതയെ സന്മാർഗ്ഗനിരതവും ശുചിത്വപൂർണവുമായ ജിവിതത്തിലേക്കു നയിക്കുന്നതിനു വേണ്ടി ഗുരുദേവകല്പന പ്രകാരം കുളിസംഘം സ്ഥാപിച്ചു.. ടി. കെ. മാധവൻ എസ്. എൻ. ഡി. പി. യോഗത്തിൽ അമ്പതിനായിരം അംഗങ്ങളെ ചേർത്ത് 108 ശാഖകൾ സ്ഥാപിച്ച് സംഘടനാശില്പി എന്നറിയപ്പെടുമ്പോൾ അതിൽ തീർത്ഥർ സ്വാമികൾ സ്ഥാപിച്ച തീരുവിതാംകൂർ മഹാജനസഭയുടെ 66 യൂണിറ്റുകളും ആയിരക്കണക്കിനു അംഗങ്ങളും കൂടി ഉണ്ടായിരുന്നു. . ശിവഗിരി മഹാസമാധിമന്ദിരം, ബ്രഹ്മവിദ്യാലയം, ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രി എന്നിവ സ്ഥാപിക്കുന്നതിനും മുന്നിൽ നിന്നു പ്രവർത്തിച്ചത് സ്വാമിയായിരുന്നു.
സമാധിപൂജയിൽ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി അംബികാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി പരാനന്ദ, സ്വാമി യോഗാനന്ദ തീർത്ഥ, ശ്രീനാരായണതത്വതീർത്ഥ തുടങ്ങിയവർ പങ്കെടുത്തു. തീർത്ഥർസ്വാമി സ്ഥാപിച്ച ശിവഗിരിമഠം ശാഖാ സ്ഥാപനം കുറിച്ചി അദ്വൈതവിദ്യാശ്രമത്തിലും സമാധിദിനാചരണം നടന്നു. രാവിലെ മുതൽ വിശേഷാൽ പൂജകൾ, ഹോമം, പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു. ആശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദസരസ്വതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഗുരുധർമ്മ പ്രചരണസഭ ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, ശിവഗിരിമഠം പി.ആർ.ഒ ഇ.എം. സോമനാഥൻ , ടി.എസ്. സലിം, റിട്ട.അദ്ധാപകൻ കുറിയാക്കോസ്, പി. എസ്. കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. അന്നദാനവും ഉണ്ടായിരുന്നു.
ഫോട്ടോ:
ശ്രീനാരായണ തീർത്ഥർ സ്വാമികളുടെ സമാധിദിനാചരണത്തിന്റെ ഭാഗമായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടന്ന സമാധിപൂജ.