
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം എത്തുന്ന തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിൽ (ആർ.സി.സി) റേഡിയേഷൻ ചികിത്സയ്ക്കുള്ള സോഫ്റ്റ്വെയറിലടക്കം വിദേശ സൈബർ ആക്രമണം. രോഗികൾക്ക് റേഡിയേഷൻ നടത്തുന്ന സോഫ്റ്റ്വെയർ, തുടർചികിത്സയ്ക്കായി 20 ലക്ഷത്തിലേറെപേരുടെ ആരോഗ്യവിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള രണ്ട് പ്രധാന സെർവറുകളുമാണ് തിങ്കളാഴ്ച രാവിലെ ഹാക്ക് ചെയ്തത്.
ലക്ഷക്കണക്കിന് രോഗികളുടെ ശസ്ത്രക്രിയ, റേഡിയേഷൻ, പത്തോളജി ഫലങ്ങൾ സൂക്ഷിച്ചിരിക്കുന്ന സെർവറുകളാണ് ആക്രമിക്കപ്പെട്ടത്. രോഗികളുടെ ചികിത്സയും തുടർപരിശോധനകളും അട്ടിമറിക്കാനാണോ ലക്ഷ്യമിട്ടതെന്നാണ് സംശയം. സോഫ്റ്റ്വെയർ അട്ടിമറിക്കപ്പെട്ടാൽ രോഗികൾക്ക് ലഭിക്കുക തെറ്റായ റേഡിയേഷനായിരിക്കും. ഇത് ജീവൻ അപകടത്തിലാക്കും. ദിവസം 500 രോഗികൾക്കാണ് റേഡിയേഷൻ നടത്താറുള്ളത്.
തിങ്കളാഴ്ച മുതൽ റേഡിയേഷൻ നിറുത്തിവച്ചു. വെള്ളിയാഴ്ചയോടെയേ പുനരാരംഭിക്കാനാവൂ.
ഉത്തരവാദിത്വമേറ്റ് ഹാക്കർമാർ വിദേശത്ത് നിന്ന് ഇ-മെയിൽ അയച്ചു. കോടിക്കണക്കിന് രൂപയുടെ ക്രിപ്റ്റോ കറൻസിയും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ്, ഉത്തരകൊറിയൻ ഹാക്കർമാരെയാണ് സംശയം. സെർവറുകളിൽ വൈറസ് ആക്രമണമുണ്ടായതോടെ ചികിത്സാ ഉപകരണങ്ങളുടെ പ്രവർത്തനം താറുമാറായി. തിങ്കളാഴ്ച രാവിലെ റേഡിയേഷൻ സോഫ്റ്റ്വെയർ പ്രവർത്തിച്ചില്ല. പിന്നീട് ഹാങ്ങായി. സ്കാൻ റിപ്പോർട്ടുകൾ അപ്ലോഡ് ചെയ്തിട്ടുള്ള 'പാക്സ് ' സോഫ്റ്റ്വെയറും തകരാറിലായി. വിദഗ്ദ്ധ പരിശോധനയിലാണ് സൈബർ ആക്രമണമെന്ന് സ്ഥിരീകരിച്ചത്. ഇത് ചെറുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും പഴയ ഓപ്പറേറ്റിംഗ് സിസ്റ്റമുപയോഗിച്ചതിലെ പിഴവാണ് ഹാക്കർമാർ മുതലെടുത്തത്.
ഡേറ്റകൾ വീണ്ടെടുത്തു
സൈബർ പൊലീസും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്-കെ) അടിയന്തര നടപടികളിലൂടെ ഡേറ്റ വീണ്ടെടുത്തു. എത്രമാത്രം രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിലേ വ്യക്തമാവൂ. ഏതുതരം ആക്രമണമാണെന്നും ഏത് രാജ്യത്തു നിന്നാണെന്നും കണ്ടെത്താൻ അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഗവ.ആശുപത്രികളിൽ ഇത്തരമൊന്ന് ആദ്യമാണ്.
എയിംസ് മോഡൽ ആക്രമണം?
ഡൽഹി എയിംസിൽ 2022ൽ നടന്ന സൈബറാക്രമണം വിദേശത്ത് നിന്നയച്ച ഇ-മെയിലിലെ വൈറസുപയോഗിച്ചായിരുന്നു. ആവശ്യപ്പെട്ടത് 200 കോടിയുടെ ക്രിപ്റ്റോകറൻസി
ആക്രമിക്കപ്പെട്ടത് ആരോഗ്യവിവരങ്ങൾ, പരിശോധന, സ്മാർട്ട്ലാബ്, രജിസ്ട്രേഷൻ സോഫ്റ്റ് വെയറുകൾ ബന്ധിപ്പിച്ച സെർവറുകൾ
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടെ ആരോഗ്യ വിവരങ്ങൾ നഷ്ടമായി
രാജ്യത്തെ ആശുപത്രികൾ, വ്യോമയാനം, ടെലികമ്മ്യൂണിക്കേഷൻ, പ്രതിരോധം, ആണവപദ്ധതികൾ, പൊലീസ്, ഇന്റലിജൻസ് തുടങ്ങിയവയാണ് സൈബർ ആക്രമണകാരികളുടെ പ്രധാനലക്ഷ്യം.
2.75 ലക്ഷം
പ്രതിവർഷം ആർ.സി.സിയിലെ രോഗികൾ
2,58,000
തുടർചികിത്സയ്ക്ക് എത്തുന്നവർ
17,000
ഓരോവർഷവും പുതിയ രോഗികൾ