
ശ്രീകാര്യം: ലോകത്ത് സമാനതകളില്ലാത്ത സവിശേഷ വ്യക്തിത്വമാണ് ഗുരുവിന്റേതെന്ന് പ്രശസ്ത കവി പ്രഭാവർമ്മ പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ഗുരുകുല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളിൽ, ഗുരുവിന് സമാനനായി മറ്റൊരു പരമഹംസനില്ല. ജഗത്ത് മിഥ്യയല്ലെന്നും അദ്വൈതം ആത്മാവും ബ്രഹ്മവും മാത്രമല്ലെന്നും കൂടെയിരിക്കുന്നവനോടുള്ള കരുതൽ കൂടിയാണെന്നും ഗുരു പഠിപ്പിച്ചു. മോക്ഷത്തെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞപ്പോൾ ഗുരു ജീവിതത്തെക്കുറിച്ചാണ് പറഞ്ഞത്. മണ്ണിലിറങ്ങി മനുഷ്യന്റെ ജീവിതാവസ്ഥ മാറ്റിയെടുക്കാൻ പ്രയത്നിച്ചു. ലോകമാകെ അന്ധകാരത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗുരുദർശനങ്ങളാൽ ഒരു കൈത്തിരി വെളിച്ചം പകരാനായാൽ പ്രപഞ്ചമാകെ പ്രകാശം പരത്താൻ ആ നാളത്തിന് കഴിയുമെന്നും പ്രഭാവർമ്മ പറഞ്ഞു.
മനുഷ്യരെല്ലാം ഒന്നാണെന്നും അതാണ് നമ്മുടെ ജാതിയെന്നും ഉദ്‌ഘോഷിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ധർമ്മ പ്രചാരണമാണ് ശ്രീനാരായണ ഗുരുകുല കൺവെൻഷനെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു. ഗുരുവിന്റെ മഹത്തായ വിശ്വമാനവിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ സമകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളും ചർച്ചകളുമാണ് കൺവെൻഷന്റെ ഭാഗമായി നടക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി അഭയാനന്ദ, കൗൺസിലർ ചെമ്പഴന്തി ഉദയൻ, യോഗം ഡോ.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ സെക്രട്ടറി എ.ആർ. വിജയകുമാർ,കുറിച്ചി സദൻ, ജ്യോതിസ് മോഹൻ തുടങ്ങിയവർ സംസാരിച്ചു. ഷൈജു പവിത്രൻ നന്ദി പറഞ്ഞു. കുറിച്ചി സദൻ പ്രഭാഷണം നടത്തി. ഉച്ചക്ക് 2 മുതൽ ഡോ.എം.എ.സിദ്ദിഖ് പഠനക്ലാസ് നയിച്ചു.വൈകിട്ട് 4 ന് സ്വാമി അഭയാനന്ദയുടെ പ്രഭാഷണം ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 9 .30 ന് ദോ.എം.എം.ബഷീറിന്റെ പ്രഭാഷണം, 11 മുതൽ സെമിനാർ, ഉച്ചക്ക് 1 ന് ഗുരുപൂജ, 2 മുതൽ ദോ.അജയ് എസ്.ശേഖർ നയിക്കുന്ന പഠനക്ലാസ്, വൈകിട്ട് 4 ന് സ്വാമി അസംഗാനന്ദഗിരിയുടെ പ്രഭാഷണം.