parasuvaikkal

പാറശാല: കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കോടികൾ ചെലവാക്കി പദ്ധതികൾ പലതും നടപ്പാക്കിയിട്ടുള്ളത്. എന്നാൽ വേനലായാലും മഴയായാലും പാറശാലയിൽ പൈപ്പ് പൊട്ടലും കുടിവെള്ള ക്ഷാമവും ഉറപ്പാണ്. ഒരു ദിവസം പാറശാല വില്ലേജെങ്കിൽ അടുത്ത ദിവസം പരശുവയ്ക്കൽ വില്ലേജിലായിരിക്കും പൈപ്പ് പൊട്ടുക. ഒരു ദിവസം വണ്ടിച്ചിറയിലെ പ്രധാന ടാങ്കിന് സമീപത്താണ് പൈപ്പ് പൊട്ടിയതെങ്കിൽ അടുത്ത ദിവസം പരശുവയ്ക്കലിലെ പമ്പിംഗ് സ്റ്റേഷനു സമീപമായിരിക്കും, പി.ഡബ്ളിയു.ഡി റോഡിലെ പൈപ്പ് ലൈൻ പൊട്ടിയാൽ അടുത്ത ദിവസം ദേശീയ പാതയിലെ പൈപ്പ് ലൈൻ പൊട്ടും. ഒരു തവണ പൈപ്പ് പൊട്ടിയാൽ കൂട്ടി യോജിപ്പിക്കുന്നതിനായി പൊട്ടലിന്റെ തോതനുസരിച്ച് പതിനായിരം മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ വാട്ടർ അതോറിട്ടിക്ക് അധിക ചെലവായി വരുന്നു. അഞ്ഞൂറോളം തവണ പൊട്ടിയ പൈപ്പുകളാണ് ഇതുവരെയായി കൂട്ടിയോജിപ്പിച്ചിട്ടുള്ളത്. പൈപ്പ്പൊട്ടലിന് പരിഹാരമായി പഴയ എ.സി പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഒരു ദിവസം പൈപ്പ് പൊട്ടിയാൽ മൂന്ന് ദിവസത്തേക്ക് പിന്നെ കുടിവെളളം കാണില്ല. അടിക്കടിയുള്ള പൈപ്പ് ലൈനിലെ പൊട്ടലുകൾ കാരണം കുടിവെള്ളം ലഭ്യമാകുന്നില്ല എന്നതിന് പുറമെ, അടുത്ത കാലത്തായി കോടികൾ ചെലവഴിച്ച് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയ റോഡുകളും തകരുകയാണ്. റോഡുകൾ തകരുന്നതിനു പുറമെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന സാധാരണക്കാരുടെ ജീവിതമാണ് ഇവിടെ വഴിമുട്ടുന്നത്.

 പ്രശ്നം പരിഹരിക്കണം

അമ്പത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതും നിലവാരം കുറഞ്ഞതുമായ എ.സി പൈപ്പുകൾക്ക് വേണ്ടത്ര മർദ്ദം താങ്ങാൻ കഴിയാത്തതാണ് പൈപ്പുകൾ പൊട്ടുന്നതിനുള്ള പ്രധാന കാരണം. എന്നാൽ ഗാർഹിക ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതും വിതരണത്തിന് ആവശ്യമായ വെള്ളം പമ്പ് ചെയ്യുമ്പോൾ കാലഹരണപ്പെട്ട പൈപ്പുകൾക്ക് ശക്തമായ മർദ്ദം താങ്ങാൻ കഴിയാത്തതും അടിക്കടി ലൈനുകൾ പൊട്ടുന്നതിന് കാരണമാവുന്നു. നിലവിലെ ഗാർഹിക കണക്ഷനുകൾ പഴയ എ.സി പൈപ്പ് ലൈനിന് സമാന്തരമായി സ്ഥാപിച്ചിട്ടുള്ള കാസ്റ്റ് അയൺ പൈപ്പ് ലൈനുകളിലേക്ക് മാറ്റി സ്ഥാപിച്ചാൽത്തന്നെ പൈപ്പ് പൊട്ടൽ പ്രശ്നം പരിഹരിക്കാമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.