നെടുമങ്ങാട്: പനവൂർ ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശമായ മൂന്നാനക്കുഴി, മണ്ണയം ഭാഗങ്ങളിൽ കുടിവെള്ളമില്ല. വേനലിൽ കിണറുകൾ വറ്റിയതോടെ ജല അതോറിട്ടിയുടെ പൈപ്പ് ലൈനുകൾ മാത്രമാണ് നാട്ടുകാരുടെ ശരണം. എന്നാൽ, മിക്കപ്പോഴും പൈപ്പ് തുറക്കുമ്പോൾ വെള്ളത്തിന് പകരം വായുവാണ് ലഭിക്കുന്നത്. നൂറ്റമ്പതോളം കുടുംബങ്ങൾ തിങ്ങി വസിക്കുന്ന പ്രദേശത്ത് ആഴ്ച തോറും ടേൺ അനുസരിച്ചാണ് വെള്ളം ലഭിച്ചിരുന്നത്. ഇപ്പോൾ അതും നിലച്ചു. പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ പരക്കം പായേണ്ട ഗതികേടിലാണ്. പരാതി പറയാൻ ജല അതോറിട്ടി ഓഫീസിൽ വിളിച്ചാൽ ഉദ്യോഗസ്ഥർ ഫോൺ എടുക്കാറില്ലെന്നും പരാതിയുണ്ട്.അരുവിപ്പുറം ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് മൂന്നാനക്കുഴി ഭാഗത്ത് ജലവിതരണം നടത്തുന്നത്. അടുത്തിടെ, പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തിയതിന് ശേഷമാണു പ്രദേശത്ത് ജലവിതരണം തടസപ്പെട്ടതെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. അതേസമയം,​ കുടിവെള്ള പ്രശ്നം അന്വേഷിച്ച് ഉചിതമായ നടപടി എടുക്കുമെന്ന് വാട്ടർ അതോറിട്ടി നെടുമങ്ങാട് അസി.എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.