
കോട്ടയം: കോട്ടയം സ്വദേശികളായ ദമ്പതികളെ ചെന്നൈയിലെ വീട്ടിൽ കഴുത്തറുത്ത് കൊന്ന് 100 പവൻ സ്വർണം കവർന്ന കേസിൽ ഒരാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ മാഗേഷാണ് പിടിയിലായത്. പാലാ സ്വദേശിയായ വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായർ (72), കേന്ദ്രീയ വിദ്യാലയത്തിൽ അദ്ധ്യാപികയായിരുന്ന എരുമേലി സ്വദേശി ഭാര്യ പ്രസന്ന കുമാരി (62) എന്നിവരാണ് ആവിടിയിലെ വീട്ടിൽ കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ശിവൻ നായരുടെ വീട്ടിലെ ക്ലിനിക്കിൽ ചികിത്സയ്‌ക്കെന്ന വ്യാജേന എത്തിയവരാണ് കൊല നടത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഭവത്തിന് ശേഷം പൊലീസ് നടത്തിയ തെരച്ചിലിൽ മുറിയിൽ നിന്ന് മാഗേഷിന്റെ ഫോൺ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാളുടെ കൂട്ടാളികളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാഗേഷ് ചെന്നൈയിലെ ഹാർഡ് വെയർ സ്ഥാപനത്തിൽ ജീവനക്കാരനാണ്. മൃതദേഹങ്ങൾ മോർച്ചറിയിൽ. വിദേശത്ത് നിന്ന് മക്കളെത്തിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ശിവൻ നായർക്കും പ്രസന്നകുമാരിക്കും വർഷങ്ങളായി നാടുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല.