nanga

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കെനിയൻ പൗരനിൽ നിന്നും ഒന്നരക്കോടിയിലേറെ രൂപയുടെ കൊക്കെയിൻ പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന കരേള മൈക്കിൾ നംഗയെ വിശദമായി ചോദ്യം ചെയ്യാൻ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) കസ്റ്റഡിയിൽ വാങ്ങും.

ദ്വിഭാഷിയുടെ സഹായം കൂടി ഉറപ്പാക്കിയ ശേഷമായിരിക്കും കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകുക. ആർ.ഡി.ഐയെയും കസ്റ്റംസിനെയും കബളിപ്പിക്കാൻ പ്രതി 50 ക്യാപ്സൂളുകളാക്കി കൊക്കെയിൻ വിഴുങ്ങിയിരിക്കുകയായിരുന്നു. ആർക്ക് വേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഡി.ആർ.ഐ അന്വേഷണം ആരംഭിച്ചു. ഡി.ആർ.ഐ ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ കോടതിയുടെ അനുമതിക്ക് വിധേയമായി ആശുപത്രിയിൽ ഹാജരാക്കി എക്സറേ പരിശോധന നടത്തിയാണ് വയറിനകത്ത് കൊക്കെയിൻ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് കോടതിയിൽ വീണ്ടും ഹാജരാക്കി മറ്റൊരാശുപത്രിയിൽ ഒരാഴ്ച്ചയോളം കിടത്തിയാണ് പ്ളാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ് വിഴുങ്ങിയ കൊക്കെയിൻ പുറത്തെടുത്തത്.

എത്യോപ്യയിൽ നിന്നും മസ്‌ക്കറ്റ് വഴി എത്തിയ ഇയാൾ ഈ മാസം 19നാണ് വിമാനത്താവളത്തിൽ പിടിയിലായത്. കൊച്ചിയിൽ വിതരണം ചെയ്യാനായി​ എത്തിച്ച കൊക്കെയിൻ ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് കടത്തിലെ കാരി​യറാണ് ഇയാളെന്നാണ് കരുതുന്നത്.

കൂടുതൽ അന്വേഷണത്തി​നായി​ ആലുവ സബ് ജയിലിൽ റിമാൻഡി​ൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയി​ൽ വാങ്ങി വിശദമായി ചോദ്യം ചെയ്യണം.