കാട്ടൂർ : കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇല്ലിക്കാട് മദ്രസയുടെ മുൻവശത്ത് 27ന് രാത്രി പതിനൊന്നോടെ മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതികളെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ കാട്ടൂർ ഐ.എസ്.എച്ച്.ഒ ജസ്റ്റിൻ.പി.പി, എസ്.ഐ സുജിത്ത് എന്നിവർ അറസ്റ്റ് ചെയ്തു.
കാട്ടൂർ വഴക്കല കണ്ടംകുളത്തി വീട്ടിൽ അതുലിനെയാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ എടക്കുളം പൂമംഗലം പഷണത്ത് വീട്ടിൽ ശിവനുണ്ണിയെ (28) തുടക്കത്തിൽ അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തിന്റെ കല്യാണവീട്ടിലേക്ക് ഇരിങ്ങാലക്കുട ഉത്സവത്തിന് പോയി വരുന്ന വഴി റോഡിൽ നിന്നിരുന്ന ശ്രീരാഗ് ചെന്ത്രാപ്പിന്നി, ഷനിൽ എടമുട്ടം, അതുൽ കഴിമ്പ്രം എന്നിവരെ തെറി വിളിക്കുകയും തുടർന്ന് വാക്കേറ്റത്തിലെത്തുകയായിരുന്നു.
ഇതോടെ കാട്ടൂർ വഴക്കല കണ്ടംകുളത്തി വീട് അതുൽ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് മൂന്ന് പേരെയും കുത്തുകയുമായിരുന്നു. മദ്യലഹരിയിലായിരുന്നു പ്രതികൾ. തളിക്കുളം ബാറിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയാണ് അതുൽ. ഇപ്പോൾ ജാമ്യത്തിലാണ്. വലപ്പാട് ബീച്ച് ഏരിയയിൽ നിന്നും അതിവിദഗ്ദ്ധമായി പ്രതി നാട് വിടും മുൻപ് പൊലീസ് പിടിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ സുജിത്ത്, എസ്.ഐ ഷാഫി, എ.എസ്.ഐ ശ്രീജിത്ത്, എസ്.സി.പി.ഒ വിജയൻ, ധനേഷ്, നിബിൻ, ശബരികൃഷ്ണൻ, സാവിത്രി, ഫെബിൻ, സി.പി.ഒ കിരൺ, എസ്.സി.പി.ഒ ശ്യാം, ജോയ്‌മോൻ, ബിന്നൽ, എസ്.ഐ ഗോപി എന്നിവരുണ്ടായിരുന്നു.