
തിരുവനന്തപുരം: ജോർദാനിൽ നടന്ന പതിനൊന്നാമത് ഏഷ്യ പസഫിക് കോഒാപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ ഇന്ത്യൻ സഹകരണമേഖലയുടെ കുതിപ്പിന് തെളിവായി അവതരിപ്പിച്ചത് കേരളബാങ്ക്, ഉൗരാളുങ്കൽ തുടങ്ങിയ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ. ഏഷ്യാപസഫിക്ക് രാജ്യങ്ങളിലെ സഹകരണമേഖലയുടെ വളർച്ചയെയും സാമൂഹ്യപങ്കാളിത്തത്തെയും കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും ഇന്റർനാഷണൽ കോഓപ്പറേറ്റീവ് യൂണിയനും ആശയപരമായ സംഭാവനകൾ നൽകുന്ന വേദിയിലാണ് കേരളത്തിന്റെ മികവുകൾ ചർച്ചയായത്.
ഇന്ത്യൻ സഹകരണ വകുപ്പ് പ്രതിനിധിയും കേരള സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
29 രാജ്യങ്ങളിൽ നിന്നുള്ള സഹകരണകാര്യ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്ത കോൺഫറൻസിൽ കേരളത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കാൻ ക്ഷണിച്ചത് സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടികൂടിയായെന്ന് മന്ത്രി വാസവൻ പറഞ്ഞു.
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി വഴി 2292 വീടുകൾ സഹകരണ മേഖല നിർമ്മിച്ചു നൽകി. കൊവിഡ് കാലത്ത് സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ താങ്ങായത് കേരള ബാങ്ക് രൂപീകരിച്ച് നടത്തിയ പ്രവർത്തനങ്ങളാണ്.
വനിതാ ശാക്തീകരണത്തിൽ മുറ്റത്തെ മുല്ല പദ്ധതിയടക്കം കേരളത്തിലെ സഹകരണ മേഖലയുടെ ഇടപെടലും കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകുന്ന പദ്ധതിയും നേട്ടങ്ങളും മന്ത്രി കോൺഫറൻസിൽ വിശദമാക്കി.
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും നൽകി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണമൊരുക്കിയതും ആരോഗ്യരംഗത്ത് കാര്യക്ഷമമായി ഇടപെടാൻ കഴിഞ്ഞതും യോഗത്തിൽ അവതരിപ്പിച്ചു.
സംസ്കൃത സർവകലാശാല
പി. ജി പ്രവേശന പരീക്ഷ
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിലെ വിവിധ പി. ജി പ്രോഗ്രാമുകളിലേക്കുളള പ്രവേശന പരീക്ഷകൾ മേയ് എട്ട് മുതൽ 16 വരെ നടത്തും. എം.എഫ്.എ, തിയേറ്റർ, മ്യൂസിക്, ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം) പ്രോഗ്രാമുകളിലേക്കുള്ള അഭിരുചി/ പ്രാക്ടിക്കൽ/പോർട്ട്ഫോളിയോ പ്രസന്റേഷൻ/ ഇന്റർവ്യൂ എന്നിവ പ്രവേശന പരീക്ഷാ ദിവസം കാലടി മുഖ്യക്യാമ്പസിൽ നടത്തും. എം.എഫ്.എ പ്രോഗ്രാമിന് അപേക്ഷിച്ചവർ പോർട്ട്ഫോളിയോ പ്രസന്റേഷൻ, പ്രവേശന പരീക്ഷ കഴിഞ്ഞാലുടൻ പെയിന്റിംഗ് വിഭാഗം തലവന് സമർപ്പിക്കണം. എം.പി.ഇ.എസ് പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിനായി പ്രവേശന പരീക്ഷാ ദിവസം രാവിലെ എട്ടിന് കാലടി മുഖ്യ ക്യാമ്പസിലുളള ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾക്ക് www.ssus.ac.in.
ഓൺലൈൻ
കോഴ്സ്
സംസ്കൃത സർവകലാശാലയിൽ ആയുർവേദ അദ്ധ്യാപകർക്കായി ഓൺലൈൻ സംസ്കൃത കോഴ്സ് ആരംഭിച്ചു. 16 ആഴ്ചയാണ് ദൈർഘ്യം. ആയുർവേദ ഗ്രന്ഥങ്ങൾ ശ്ലോകരൂപത്തിലായതിനാൽ ഈ കോഴ്സിൽ ശ്ലോകങ്ങൾക്കാണ് പ്രാധാന്യം.
പരീക്ഷാഫലം
തിരുവനന്തപുരം: 2023 നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് (എൻ.എം.എം.എസ്.) പരീക്ഷാഫലം https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.
പി.ജി ഡിപ്ലോമ: അപേക്ഷ 15വരെ
തിരുവനന്തപുരം: മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി.ജി ഡിപ്ലോമ പ്രവേശനത്തിന് മേയ് 15വരെ ഓൺലൈനായി അപേക്ഷിക്കാം. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് എന്നിവയാണ് കോഴ്സുകൾ. യോഗ്യത- ബിരുദം. വിവരങ്ങൾക്ക് www.keralamediaacademy.org.