mayor

തിരുവനന്തപുരം: കാർ കുറുകെയിട്ട് മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞെന്ന് കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതോടെ ഡ്രൈവർ യദു സിറ്റി പൊലീസ് കമ്മിഷണർക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും പരാതി നൽകി. ഈ പരാതികളിൽ നടപടി ഉണ്ടാകാതെ വന്നാൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.

അതേസമയം, ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയതിന് പരാതി നൽകേണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിനും സീബ്രാ ലൈനിൽ വാഹനം നിർത്തി ട്രാഫിക് നിയമം തെറ്റിച്ചതിനും കേസെടുക്കാമെങ്കിലും ഡ്രൈവറുടെ ആരോപണം നിലവിലെ കേസിനൊപ്പം അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഡ്രൈവർ യദുവിന്റെ മൊഴിയെടുക്കും.

അപകടകരമായ നിലയിൽ വാഹനമോടിച്ച് നിയമലംഘനം നടത്തുകയും അശ്ളീല ആംഗ്യംകാട്ടിയ ഡ്രൈവറെ തടഞ്ഞു വയ്ക്കുകയുമാണ് മേയറും എം.എൽ.എയും ചെയ്തതെന്ന് പൊലീസ് ന്യായീകരിക്കുന്നു.
യദുവിന് പിന്തുണയുമായി പ്രതിപക്ഷ തൊഴിലാളി, യുവജന സംഘടനകളും രംഗത്തെത്തി.

മേയർക്കും എം.എൽ.എ യ്ക്കുമെതിരെ കെ.പി.സി.സി. സെക്രട്ടറി സി.ആർ.പ്രാണകുമാർ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. മേയർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്കും ഗതഗാത കമ്മിഷണർക്കും കെ.എസ്.യുവും പരാതി നൽകിയിട്ടുണ്ട്.

ബസ് തടഞ്ഞില്ലെന്ന നിലപാടിലായിരുന്നു മേയർ. റെഡ് സിഗ്നലിൽ ബസ് നിറുത്തിയപ്പോൾ ബസിനടുത്തെത്തി ഡ്രൈവറെ ചോദ്യം ചെയ്യുക മാത്രമാണുണ്ടായത് എന്നാണ് മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.എന്നാൽ സീബ്രാ ലൈനിൽ ബസിന് കുറുകേ കാർ നിർത്തിയിട്ടശേഷം ബസിന്റെ ഡോർ വലിച്ചുതുറന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഈ വാദം പൊളിയുകയായിരുന്നു.

മേയർ പരാതി നൽകിയതോടെയാണ് യദു കൗണ്ടർ പരാതി നൽകിയത് . പൊലീസ് എത്തിയാണ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തത് അതിനാൽ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന പരാതിയിൽ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിന്റേയും കെ.എസ്.ആർ.ടി.സിയുടേയും ഏക പക്ഷീയമായ നിലപാടിനെതിരെ യൂത്ത് കോൺഗ്രസും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫും രംഗത്തെത്തി. യൂത്ത് കോൺഗ്രസ് കോർപ്പറേഷൻ ഓഫീസിലേക്കും ടി.ഡി.എഫ് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലേക്കും സമരം നടത്തി.